Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ്: സര്‍ക്കാര്‍ ക്രമസമാധാനം ഉറപ്പുവരുത്തണം -ജമാഅത്തെ ഇസ്‌ലാമി

ന്യൂദല്‍ഹി- അയോധ്യ വിധിക്ക് ശേഷം രാജ്യത്ത് ക്രമസമാധാനം ഉറപ്പു വരുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രകോപനം സൃഷ്ടിക്കുന്ന രീതിയില്‍ വിധിയെ കൈകാര്യം ചെയ്യരുതെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കണമെന്നും അധികാരികളുമായി ഈ വിഷയത്തില്‍ സഹകരിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എഞ്ചിനീയര്‍ സലിം പത്ര സമ്മേളനത്തില്‍ പൊതു സമൂഹത്തോട് അഭ്യര്‍ഥിച്ചു. അയോധ്യ, രാജ്യത്തെ സാമ്പത്തിക അവസ്ഥ, ദേശീയ പൗരത്വ ബില്‍ എന്നിവയെ കുറിച്ചു ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര അഡൈ്വസറി കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തുകയും പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ടു പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബാബരി വിഷയവുമായി രാജ്യത്തെ പരമോന്നത കോടതിയില്‍ നടന്ന വാദങ്ങളുടെ സമയത്ത് മുസ്‌ലിം പക്ഷം കൃത്യമായി തന്നെ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സാക്ഷികളും തെളിവുകളും പരിഗണിച്ചു പരമോന്നത കോടതി ബാബരി മസ്ജിദ് അനുകൂല നിലപാടില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ പ്രസ്തുത വിധിക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയിലേക്ക് എത്തിച്ചേര്‍ന്ന തെളിവുകളും രേഖകളും ലോകം നിരീക്ഷിക്കും. അത്‌കൊണ്ട് തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ള ഒരു വിധിയാണ് ലോകം പ്രതീക്ഷിക്കുന്നത്. വിധി എന്ത് തന്നെയായാലും അതിന്റെ പേരില്‍ രാജ്യത്ത് അക്രമങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവരും പൊതുജനവും കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു.
അപകടാവസ്ഥയിലായ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. പകരം തികച്ചും തെറ്റായ നിഗമനങ്ങളിലൂടെയാണ് സര്‍ക്കാര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.
ദേശീയ പൗരത്വ വിഷയം അസമില്‍ മാത്രം 19 ലക്ഷം മനുഷ്യര ബാധിച്ചിട്ടുണ്ട് എന്നത് തീര്‍ത്തും ഗുരുതരമായ സ്ഥിതി വിശേഷമാണ് . രാജ്യമൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയിലും ജമാഅത്തെ ഇസ്‌ലാമി ആശങ്ക രേഖപ്പെടുത്തി.

ദല്‍ഹിയില്‍ വര്‍ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണവും ആശങ്കജനകമാണ്. പഞ്ചാബ്, ഹരിയാന, യു പി എന്നിവിടങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ചപ്പു ചവറുകള്‍ കത്തിക്കുന്നതാണ് മലിനീകരണത്തിന്റെ മുഖ്യ കാരണം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ പടക്ക ഉപയോഗവും മലിനീകരണത്തെ കൂടുതല്‍ ബാധിച്ചു. രാജ്യ തലസ്ഥാനത്ത് ശ്വസിക്കാന്‍ കഴിയുന്ന വായു ലഭിക്കാത്ത അവസ്ഥ സംജാതമായി എന്നത് ഗൗരവമായി തന്നെ അധികൃതര്‍ കാണണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു.

 

 

Latest News