ന്യൂദല്‍ഹി- ഇന്ത്യയിലെ സംസ്ഥാനങ്ങളുടനീളം ജോലി ചെയ്യുന്ന 24 ലക്ഷം പോലീസ് ഉദ്യോഗസ്ഥരില്‍ വനിതകളുടെ എണ്ണം വെറും ഏഴു ശതമാനത്തോളം മാത്രമെയുള്ളൂ എന്ന് പഠനം. ടാറ്റ ട്രസ്റ്റ്സ് പ്രസിദ്ധീകരിച്ച ഇന്ത്യാ ജസ്റ്റിസ് റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മൊത്തം പോലീസുകാരില്‍ ഓഫീസര്‍ തലത്തിലുള്ള വനികള്‍ ആറു ശതമാനം മാത്രമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ്, കോമണ്‍ കോസ് തുടങ്ങി സ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ പഠനമാണിത്.
വനിതാ പോലീസുകാരുടെ എണ്ണം ഒരു ശതമാനം വര്‍ധിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും 33 ശതമാനം എന്ന കണക്കിലെത്തണമെങ്കില് പതിറ്റാണ്ടുകളുടെക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വനിതകള്‍ക്കു പുറമെ പിന്നാക്ക വിഭാഗങ്ങളായ പട്ടിക ജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ എണ്ണവും പോലീസ് സേനകളില്‍ വളരെ കുറവാണ്. സംവരണ പദവികള്‍ വന്‍തോതില്‍ ഒഴിഞ്ഞു കിടക്കുകയാണ്.
സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഇന്ത്യയിലെ പോലീസ് സേനകള്‍ വളരെ പിറകിലാണ്. രാജ്യത്തെ മൊത്തം പോലീസുകാരില്‍ വെറും 6.4 ശതമാനത്തിനു മാത്രമാണ് ഇന്‍ സര്‍വീസ് ട്രെയ്നിങ് ലഭിച്ചിട്ടുള്ളത്. അതായത് 90 ശതമാനത്തിലേറെ പോലീസുകാരും പുതുതായി ഒന്നും പഠിക്കാതെയാണ് സേവനം തുടരുന്നത്.