ലണ്ടന്‍- ചൈനയില്‍ തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്ന മുസ്ലിംകളുടെ ഭാര്യമാര്‍ പുരുഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഉയിഗൂര്‍ മുസ്ലിംകളുടെ വീടുകള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച ഉദ്യോഗസ്ഥരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത്.
ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന നിരീക്ഷണ സന്ദര്‍ശനങ്ങളുടെ ഭാഗമായി എത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയിഗൂര്‍ വനിതകളോടൊപ്പമാണ് ഉറങ്ങുന്നതെന്ന് റേഡിയോ ഫ്രീ ഏഷ്യെ(ആര്‍എഫ്എ) റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയിഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്ന ചൈനീസ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളും വിദഗ്ധരും രംഗത്തുവന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.
പത്ത് ലക്ഷത്തിലധികം പേരെ ചൈന തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് യു.എന്‍ വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നത്. തീവ്രവാദം ഇല്ലാതാക്കാനും ഉയിഗൂര്‍ മുസ്ലിംകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനുമുള്ള പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകളെന്നാണ് ചൈന ഈ ക്യാമ്പുകളെ വിശേഷിപ്പിക്കുന്നത്.
തടങ്കല്‍പ്പാളയങ്ങളിലേക്ക് മാറ്റാത്ത ഉയിഗൂര്‍ മുസ്ലിംകള്‍ സുരക്ഷാ സേനയുടെ നിരന്തര പരിശോധനയ്ക്ക് വിധേയരാകുന്നു. സായുധ ചെക്ക്പോസ്റ്റുകളും തരിച്ചറിയല്‍ കാര്‍ഡുകളും ഫേഷ്യല്‍ റെക്കഗ്നിഷന്‍ ക്യാമറകളും ഉപയോഗിച്ചാണ് പരിശോധന.
ഉയിഗൂര്‍ മുസ്ലിംകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചൈന പത്ത് ലക്ഷത്തിലധികം ചാരന്മാരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഉയിഗൂര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെ അതിഥികളായി തങ്ങുകയും കിടക്ക പങ്കിടുകയും ചെയ്യുന്നുവെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്.
ജോഡികളാവുകയും കുടുംബങ്ങളാവുകയും ചെയ്യുകയെന്ന പരിപാടിയുടെ ഭാഗമായാണ് രണ്ടു മാസത്തിലൊരിക്കലെങ്കിലും ഉദ്യോഗസ്ഥര്‍ ഉയിഗൂര്‍ കുടുംബങ്ങളോടൊപ്പം കഴിയുന്നത്. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷ ഹാന്‍ വംശജരാണ്. കുടുംബാഗങ്ങളെ പോലെയാണ് വീടുകളില്‍ കഴിയുന്നതെന്നും ലൈംഗിക ചൂഷണമെന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നുമാണ് ഇക്കാര്യം സ്ഥിരീകരിച്ച ചൈനീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.