മുംബൈ- മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാമെന്ന വാഗ്ദാനം കോൺഗ്രസും എൻ.സി.പിയും തള്ളി. പ്രതിപക്ഷത്തിരിക്കാനാണ് ജനവിധിയെന്നും അത് അംഗീകരിക്കുന്നുവെന്നും എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. ഇരുപത്തിയഞ്ച് വർഷമായി ശിവസേനയും ബി.ജെ.പിയും ഒരുമിച്ചാണെന്നും ഇന്നല്ലെങ്കിൽ നാളെ അവർ വീണ്ടും ഒന്നിക്കുമെന്നും ശരദ് പവാർ പറഞ്ഞു. മൂന്നു ദിവസത്തിനകം ബി.ജെ.പി-ശിവസേന സർക്കാർ നിലവിൽ വരുമെന്നും പവാർ അഭിപ്രായപ്പെട്ടു.
ശിവസേന നേതാവ് സഞ്ജയ് റാവുത്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ച ചെയ്തിരുന്നില്ല. പ്രതിപക്ഷത്തുണ്ടാകുമെന്നും മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകില്ലെന്നും പവാർ വ്യക്തമാക്കി. തങ്ങൾക്കൊപ്പമുള്ള 170 എം.എൽ.എമാരുടെ ലിസ്റ്റ് സഞ്ജയ് റാവത്ത് തന്നെ കാണിച്ചിരുന്നു. എന്നാൽ ഇത്രയും എം.എൽ.എമാരുടെ പിന്തുണ എങ്ങിനെ ഉറപ്പിക്കാനാകുമെന്ന് തനിക്ക് അറിയില്ലെന്നും പവാർ വ്യക്തമാക്കി. എൻ.സി.പിയും ശിവസേനയും ജനവധി മാനിക്കണം. അവർ ഒന്നിച്ചാണ് മത്സരിച്ചത്. ഒന്നിച്ച് ഭരിക്കണം. പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധി അംഗീകരിക്കുന്നുവെന്നും പവാർ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി.