പാറ്റ്‌ന- ബിഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചു. ബിഹാർ ഗവർണർ കേസരി നാഥ് ത്രിപാഠിയെ നേരിൽ കണ്ടാണ് നിതീഷ് കുമാർ രാജി സമർപ്പിച്ചത്. പ്രധാന സഖ്യകക്ഷിയായ ആർ.ജെ.ഡിയുമായുള്ള അഭിപ്രായവ്യത്യാസമാണ് നിതീഷിന്റെ രാജിയിലേക്ക് നയിച്ചത്. അഴിമതിയാരോപണ വിധേയനായ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് രാജിവെക്കണമെന്ന് നിതീഷ് കുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജിവെക്കാൻ ലാലു പ്രസാദ് യാദവിന്റെ മകൻ കൂടിയായ തേജസ്വി യാദവ് തയ്യാറായില്ല. ഇതിനിടെയാണ് നിതീഷ് കുമാർ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചത്. തേജസ്വി യാദവിനെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിക്കാണ് ബിഹാർ നിയമസഭയിൽ കൂടുതൽ സീറ്റുള്ളത്. തൊട്ടുപിന്നിൽ നിതീഷിന്റിന്റെ ജനതാദൾ യുനൈറ്റഡും കോൺഗ്രസുമാണ്. ഇരുപക്ഷവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമെല്ലാം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.