ബഗ്ദാദ്- ഇറാഖ് തലസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ചുറ്റും വീണ്ടും ഏറ്റുമുട്ടലുകളുണ്ടായതിനെത്തുടര്‍ന്ന് ബഗ്ദാദിലും തെക്കന്‍ ഭാഗങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി.
ഒക്ടോബര്‍ ഒന്നിന് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചതിനുശേഷം ഇറാഖ് സര്‍ക്കാര്‍ ഇതാദ്യമായാണ് ഇത്രയും ശക്തമായ കമ്മ്യൂണിക്കേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സൈബര്‍ സുരക്ഷാ എന്‍.ജി.ഒ നെറ്റ്‌ബ്ലോക്ക്‌സ് പറഞ്ഞു.
സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 24 ന് ആരംഭിച്ച പ്രതിഷേധം പൊതുവെ നിസ്സഹകരണ മാര്‍ഗമാണ് സ്വീകരിച്ചിരുന്നതെങ്കിലും തിങ്കളാഴ്ച കൂടുതല്‍ അക്രമാസക്തമായിരുന്നു.
ബഗ്ദാദില്‍നിന്ന് 100 കിലോമീറ്റര്‍ തെക്ക് കര്‍ബലയിലെ ഇറാന്‍ കോണ്‍സുലേറ്റിന് സമീപം ഞായറാഴ്ച നാല് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റിന് തീ കൊളുത്താനും ശ്രമമുണ്ടായി. സെന്‍ട്രല്‍ ബഗ്ദാദില്‍ സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു.
കാബിനറ്റ് ഓഫീസുകള്‍, വിദേശ, നീതിന്യായ മന്ത്രാലയങ്ങള്‍, ഇറാനിയന്‍ എംബസി എന്നിവിടങ്ങളിലേക്കുള്ള പാലങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാര്‍ കല്ലെറിയുകയും സുരക്ഷാ സേന കണ്ണീര്‍ വാതകം
പ്രയോഗിക്കുകയും ചെയ്തു. ഒക്ടോബര്‍ ഒന്നിനുശേഷം പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി. കൂടുതലും പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യയുടെ കണക്ക് നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.