മക്ക - അൽശൗഖിയ ഡിസ്ട്രിക്ടിൽ മാസങ്ങളായി ഭീതി പരത്തിയ കുരങ്ങ് നഗരസഭാധികൃതർ സ്ഥാപിച്ച കെണിയിൽ കുടുങ്ങി. പുലർച്ചെയാണ് കുരങ്ങ് കെണിയിൽ അകപ്പെട്ടത്. അൽശൗഖിയയിൽ മാസങ്ങളായി സ്ഥിരതാമസമാക്കിയ കുരങ്ങിനെ പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടുവരികയായിരുന്നു.
കുരങ്ങിനെ പിടികൂടുന്നതിന് ഏതാനും സ്ഥലങ്ങളിൽ നഗരസഭ വലിയ കൂടുകൾ സ്ഥാപിച്ചിരുന്നു. പട്രോൾ പോലീസുകാരുടെ സഹായത്തോടെ ആറു ഫീൽഡ് സംഘങ്ങൾ ഈ കൂടുകൾ പതിവായി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഇക്കൂട്ടത്തിൽപെട്ട ഒരു കൂട്ടിലാണ് പുലർച്ചെ കുരങ്ങ് അകപ്പെട്ടത്. അൽശൗഖിയയിൽ കെട്ടിടങ്ങൾക്കു മുകളിലൂടെയും തെരുവുകളിലൂടെയും സൈ്വര വിഹാരം നടത്തിയിരുന്ന കുരങ്ങ് പ്രദേശവാസികളെ ഭീതിയിലാക്കിയിരുന്നു.