ന്യൂദല്‍ഹി- മുസ്‌ലിം പള്ളികളിലെ പ്രധാന കവാടത്തിലൂടെതന്നെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി പ്രത്യേക കാരണത്താല്‍ മാറ്റിവെച്ച്. പത്ത് ദിവസം കഴിഞ്ഞ ഹരജിയില്‍ വാദം കേള്‍ക്കാനാണ് തീരുമാനം.
സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത, ലിംഗ നീതി, ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനെ സ്വദേശികളായ ദമ്പതികള്‍ യാസ്മിന്‍ സുബൈര്‍ അഹമ്മദ്, സുബൈര്‍ അഹമ്മദ് നസീര്‍ എന്നിവര്‍ ഹരജി നല്‍കിയിരുന്നത്.
ഹരജിയിലെ ആവശ്യത്തെക്കുറിച്ച് ചൊവ്വാഴ്ച നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഇന്നലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെ ജൂനിയര്‍ അഭിഭാഷകര്‍ കോടതി മുറിയില്‍ എത്തിയിരുന്നുവെങ്കിലും കെ.കെ വേണുഗോപാല്‍ എത്തിയില്ല.
നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റുമാരായ അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹരജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേസിലെ എതിര്‍കക്ഷിയായ മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് നിലപാട് അറിയിക്കാന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു. എന്നാല്‍ പത്ത് ദിവസത്തിന് ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് ബോബ്‌ഡെ അറിയിച്ചു. പത്ത് ദിവസത്തേക്ക് ഈ ഹരജി പരിഗണിക്കാക്കാനായി മാറ്റുന്നത് പ്രത്യേക കാരണത്താല്‍ ആണെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.
പ്രത്യേക കാരണം എന്താണെന്ന് വെളിപ്പെടുത്താന്‍ ജസ്റ്റിസ് ബോബ്‌ഡെ തയ്യാറായില്ല. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അബ്ദുല്‍ നസീറുമായി ചര്‍ച്ച നടത്തിയശേഷമാണ് ജസ്റ്റിസ് ബോബ്‌ഡെ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഹരജി വീണ്ടും പരിഗണനക്ക് വരുമ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതല ഏറ്റെടുത്തിരിക്കും.
ശബരിമല യുവതി പ്രവേശന ഉത്തരവിനെതിരായ പുനഃപരിശോധന ഹരജികളിലെ വിധി അടുത്തയാഴ്ച ഉണ്ടാകുമെന്ന് കരുതുന്നുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കൈക്കൊള്ളുന്ന നിലപാട് മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശന ആവശ്യത്തെ സ്വാധീനിക്കാന്‍ സാധ്യതഉണ്ടെന്ന് നിയമവിദഗ്ദ്ധര്‍ അഭിപ്രയപ്പെടുന്നു.