Sorry, you need to enable JavaScript to visit this website.

പൊട്ടിയ വിന്‍ഡോ ഗ്ലാസില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് യാത്ര; സ്‌പൈസ് ജെറ്റ് ക്ഷമ ചോദിച്ചു

ബംഗളൂരു- പൊട്ടിയ വിന്‍ഡോയില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് സര്‍വീസ് നടത്തിയതിന് ക്ഷമചോദിച്ച് സ്‌പൈസ് ജെറ്റ്. മുംബൈയില്‍നിന്ന് ദല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ  എസ്.ജി 8152 വിമാനത്തിലെ ഗ്ലാസാണ് പൊട്ടിയിരുന്നത്. ഗ്ലാസ് സെല്ലോടേപ്പ് വെച്ച് ഒട്ടിച്ച നിലയില്‍ കണ്ട് ഞെട്ടിപ്പോയ യാത്രാക്കാരന്‍ വിവരം പുറംലോകത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ ക്ഷമാപണം.

പൊട്ടിയ വിന്‍ഡോ ഗ്ലാസിന്റെ ചിത്രം ഹരിഹരന്‍ ശങ്കരന്‍ എന്ന യാത്രക്കാരന്‍ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. ഇതോടെ  യാത്രക്കാരുടെ ജീവന്‍ പണയം വെച്ചുള്ള വിമാനക്കമ്പനിയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നത്.  
യാത്രക്കാരുടെ സുരക്ഷിതത്വത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സംഭവിച്ച തെറ്റില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരന് ട്വിറ്ററില്‍ മറുപടി നല്‍കുകയും ചെയ്തു. ബന്ധപ്പെട്ടവരെ അറിയിച്ച് ഉടന്‍ നടപടിയുണ്ടാകുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

വിമാന കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായത്  വിന്‍ഡോ ഗ്ലാസ് പൊട്ടിയത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ് സെല്ലോ ടേപ്പ് ഒട്ടിച്ചിട്ടുണ്ടാവുകയെന്നും അറ്റകുറ്റപ്പണി നടത്താതെ സര്‍വീസ് നടത്തിയത് യാത്രക്കാരുടെ സുരക്ഷയില്‍ കാണിച്ച അലംഭാവമാണെന്നും യാത്രക്കാരന്‍ പ്രതികരിച്ചു. ഇക്കാര്യം തന്നെയാണ് അദ്ദേഹം കമ്പനിയോട് ചോദിച്ചതും.
യാത്രാമധ്യേ ഗ്ലാസ് പൂര്‍ണമായും പൊട്ടിയിരുന്നുവെങ്കില്‍ വിമാനത്തിനുള്ളില്‍ മര്‍ദം ഏറി വന്‍ദുരന്തം സംഭവിക്കുമായിരുന്നു.

 

 

Latest News