Sorry, you need to enable JavaScript to visit this website.

യുപിയിലെ ഈ സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ ഹെല്‍മെറ്റ് ധരിച്ചാണ് ജോലിക്കെത്തുന്നത്; കാരണം ഇതാണ്

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബാന്ധാ ജില്ലയില്‍ വൈദ്യുതി വകുപ്പിന്റെ ഓഫീസില്‍ ജീവനക്കാരെല്ലാം ഹെല്‍മെറ്റ് ധരിച്ച് ജോലിക്കെത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതു കണ്ട് സംഭവമെന്താണെന്ന അന്വേഷണങ്ങളും ഏറി. വസ്തുത അറിയാന്‍ ഓഫീസിലെത്തിയപ്പോഴാണ് കാര്യം ഗുരുതരമാണെന്ന സത്യ തിരിച്ചറിയുന്നത്. ഏതു നിമിഷവും തകര്‍ന്നു വീണേക്കാമെന്ന അവസ്ഥയില്‍ പൊട്ടിപ്പൊളിഞ്ഞ് വളരെ മോശം അവസ്ഥയിലാണ് കെട്ടിടം. മേല്‍ക്കൂരയില്‍ സിമന്റ് അടര്‍ന്നു വീണ് നിരവധി ദ്വാരങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. മധ്യത്തിലെ തൂണും തകര്‍ന്നു വീഴാറായ സ്ഥിതിയിലാണെന്ന് ജീവനക്കാര്‍ പറയുന്നു. അധികാരികളെ നിരവധി തവണ ഇക്കാര്യം അറിയിച്ചെങ്കിലും ഒരു അനക്കം പോലുമില്ലെന്ന് അവര്‍ ആരോപിച്ചു. 

ഈ അവസ്ഥയില്‍ എന്തെങ്കിലും ദുരന്തമുണ്ടായാല്‍ സ്വയം രക്ഷാര്‍ത്ഥമാണ് ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കെട്ടിടം അറ്റക്കുറ്റപ്പണി ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പല തവണ വിവരം നല്‍കിയതാണ്. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കെട്ടിടം തകര്‍ന്ന് ആരെങ്കിലും മരിക്കാനായി കാത്തിരിക്കുകയാകും അവര്‍- ഒരു ജീവനക്കാരന്‍ രോഷത്തോടെ പറഞ്ഞു.

ഇപ്പോള്‍ ഹെല്‍മെറ്റ് ധരിച്ചാണ് വരുന്നതെങ്കില്‍ മഴക്കാലത്ത് സീന്‍ മറ്റൊന്നാണ്. ഹെല്‍മെറ്റ് മാത്രം പോര. കുടയും ചൂടി വേണം ഓഫീസിലിരുന്ന് ജോലി ചെയ്യാനെന്ന് ജീവനക്കാര്‍ പറയുന്നു. ഓഫീസിലെ ഫര്‍ണിചറുകളുടെ കാര്യവും മറ്റൊന്നല്ല. എല്ലാ പഴക്കമേറിയത്. രേഖകളും ഫയലുകളും സൂക്ഷിക്കാന്‍ നല്ലൊരു അലമാര പോലുമില്ല. എല്ലാം ചട്ടപ്പെട്ടിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

Latest News