കോഴിക്കോട്- തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കു മുമ്പില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയായ കുഞ്ഞിന്റെ പിതാവ് വിദേശത്തേക്ക് കടന്നതായി പോലീസ്. മലപ്പുറം ജില്ലക്കാരനായ ഇയാളെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് പന്നിയങ്കര പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവായ 21കാരിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച ദിവസം തന്നെ ഗള്‍ഫിലേക്ക് കടന്ന യുവാവ് ഉപയോഗിച്ച ബുള്ളറ്റാണ് അന്വേഷണത്തില്‍ നിര്‍ണായക തുമ്പുണ്ടാക്കിയത്. യുവാവിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പേരുവിവരങ്ങള്‍ ലഭിച്ചത്. ഗള്‍ഫിലായിരുന്ന യുവാവ് യുവതിയുടെ രഹസ്യ പ്രസവത്തോടനുബന്ധിച്ച് നാട്ടിലെത്തിയതായിരുന്നു. സംഭവ ശേഷം തിരിച്ചു ഗള്‍ഫിലേക്കു തന്നെ കടന്ന യുവാവിനെ ഗള്‍ഫിലുള്ള ബന്ധുക്കള്‍ മുഖേന നാട്ടിലെത്തിക്കാനാണ് പോലീസ് നീക്കം. ഇതു നടന്നില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് പന്നിയങ്കര സി.ഐ വി രമേശന്‍ അറിയിച്ചു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന കഫറ്റീരിയയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇവരെ തിരിച്ചറിയുന്നതില്‍ നിര്‍ണായക തുമ്പായത് ഇവര്‍ സഞ്ചരിച്ച് ബുള്ളറ്റാണ്. പ്രസവ ശേഷം ബെംഗളുരുവില്‍ നിന്ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ ഇരുവരും സ്റ്റേഷനില്‍ വച്ചിരുന്ന ബുള്ളറ്റ് എടുത്താണ് മാനാരിയിലെ പള്ളിക്കു സമീപമെത്തിയത്. ഇവിടെ ഉപേക്ഷിച്ച ശേഷം മുങ്ങുകയായിരുന്നു. സമീപത്തൊന്നും സിസിടിവി ഇല്ലാതിരുന്നത് അന്വേഷണത്തില്‍ പോലീസിന് പ്രതിസന്ധിയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പുതപ്പും പൊക്കിള്‍ കൊടിയിലെ ക്ലിപ്പും നിര്‍മിച്ച കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പോലീസ് നടത്തിയ വിശദ പരിശോധനയിലാണ് യുവതിയും യുവാവും സഞ്ചരിക്കുന്നു ബുള്ളറ്റ് ശ്രദ്ധയില്‍പ്പെട്ടത്. ബുള്ളറ്റ് കടന്നു പോയ വഴികളിലെ 30ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ബുള്ളറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായത് അന്വേഷണം വേഗത്തിലാക്കി. തുടര്‍ന്ന് മലപ്പുറത്തെ യുവാവിന്റെ വീട്ടിലെത്തി ബുള്ളറ്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read I കല്ലായിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; ആശുപത്രിയിലേക്ക് മാറ്റി-Video