അഹമ്മദാബാദ്- ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 83 ആയി . കഴിഞ്ഞ ദിവസം ഒമ്പത് മരണങ്ങള്‍ കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയം ഏറെ ദുരിതം വിതച്ച വടക്കന്‍ ജില്ലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹെലികോപ്റ്ററില്‍ സന്ദര്‍ശനം നടത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ദുരിതാശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ ജില്ലകളില്‍ നിന്ന് ഇതുവരെ അധികൃതര്‍ 36,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കരസേന, വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന എന്നിവരുടെ സഹായത്തോടെ പ്രളയത്തില്‍ അകപ്പെട്ട 1600ഓളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. രാജസ്ഥാനില്‍ നിന്നുള്ള കനത്ത ഒഴക്കും ഒരാഴ്ചയോളമായി പെയ്യുന്ന കനത്ത മഴയും റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മുംബൈ-ഡല്‍ഹി റൂട്ടിലോടുന്ന 20 ട്രെയ്‌നുകളെ ദുരിതം ബാധിച്ചു. റെയില്‍വെ ട്രാക്കുകള്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് 11 ട്രെയിനുകളും റദ്ദാക്കി. ഹിമ്മത്‌നഗര്‍, പലന്‍പൂര്‍, മെഹ്‌സാന, അഹമ്മദാബാദ്, പഠാന്‍ എന്നിവടങ്ങളെ വടക്കന്‍ ഗുജറാത്തുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം പ്രളയത്തില്‍ മുങ്ങി നശിച്ചതോടെ ഇവിടെ നിന്നുള്ള 915 ബസ് സര്‍വീസുകളും റദ്ദാക്കി. ഗതാഗത മേഖലയില്‍ പ്രതിദിനം ആറു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. റെയില്‍വെ പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്ടവും സഹിക്കുന്നു.
അയല്‍ സംസ്ഥാനമായ രാജസ്ഥാനിലും മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കഴിഞ്ഞ ദിവസം എട്ടു പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 12 ആയി ഉയര്‍ന്നു.