ന്യൂദല്‍ഹി- അപകീര്‍ത്തി കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനു വേണ്ടി വക്കാലത്തെടുത്ത മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത് മലാനി കേസില്‍നിന്ന് പിന്മാറി. ഫീസിനത്തില്‍ നല്‍കാനുള്ള രണ്ടു കോടി രൂപ കൂടി ഉടന്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി കെജ് രിവാളിനെതിരെ നല്‍കിയ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള അപകീര്‍ത്തി കേസിലാണ് ജത് മലാനി ഹാജരായിരുന്നത്. ജയറ്റ്‌ലിക്കെതിരെ മോശം ഭാഷയില്‍ സംസാരിക്കണമെന്ന് കെജ് രിവാള്‍ ജത് മലാനിക്ക് നിര്‍ദേശം നല്‍കിയതിനെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതകളാണ് കേസില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് അഭ്യൂഹം.
ജയ്റ്റ്‌ലി ഒരു ക്രമിനലാണെന്ന ദ്യോതിപ്പിക്കുന്ന തരത്തില്‍ മേയ് 17-ന് നടന്ന വാദം കേള്‍ക്കലില്‍ കോടതിയില്‍ ജത് മലാനി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ പരാമര്‍ശം നടത്തിയത് കക്ഷിയുടെ നിര്‍ദേശം അനുസരിച്ചാണോ എന്ന ജയ്റ്റിലുടെ ചോദ്യത്തിന് അതെ എന്നായിരുന്നു ജത് മലാനിയുടെ മറുപടി. ഇതോടെ മറ്റൊരു 10 കോടി രൂപയുടെ അപകീര്‍ത്തി കേസ് കൂടി ജയ്റ്റ്‌ലി കെജ് രവാളിനെതിരെ ഫയല്‍ ചെയ്തു.
എന്നാല്‍ ഇത് കെജ് രിവാള്‍ നിഷേധിച്ചിട്ടുണ്ട്. പുതിയൊരു കേസ് കൂടി തലയിലായതോടെ താന്‍ ഇത്തരത്തിലൊരു നിര്‍ദേശം തന്‍റെ അഭിഭാഷകനായ ജത് മലാനിക്ക് നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടികെജ് രിവാള്‍ ദല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മോശം പ്രയോഗം നടത്താന്‍ താന്‍ നര്‍ദേശിച്ചിട്ടില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ജത് മലാനിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഒരു മുതിര്‍ന്ന അഭിഭാഷകന് ഇത്തരത്തിലുള്ള മോശം ഭാഷയില്‍ കോടതിയില്‍ സംസാരിക്കാന്‍ നിര്‍ദേശം നല്‍കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് സത്യവാങ്മൂലത്തില്‍ കെജ് രിവാള്‍ പറയുന്നു.
അതേസമയം കേസില്‍ നിന്ന് പിന്മാറിയതായി തങ്ങള്‍ക്ക് ജത് മലാനിയില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ ദല്‍ഹി സര്‍ക്കാര്‍ 3.5 കോടി രൂപയാണ് മുഖ്യമന്ത്രിക്കു വേണ്ടി കോടതിയില്‍ ഹാജരായ ഇനത്തില്‍ ജത് മലാനിക്ക് നല്‍കിയ ഫീസ്. ഇനി രണ്ടു കോടി രൂപയിലധികം നല്‍കാനുമുണ്ട്. ഇത് ജത് മലാനി ആവശ്യപ്പെട്ടിരിക്കയാണ്.