ന്യൂദല്‍ഹി- രാഷ്ട്രപതി പദവിയില്‍നിന്ന് വിരമിച്ച പ്രണബ് മുഖര്‍ജിയെ ചുറ്റിപ്പറ്റി ദല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ അഭ്യൂഹം ശക്തിപ്രാപിക്കുന്നു. കോണ്‍ഗ്രസ് നേതാവായ മുഖര്‍ജി രാഷ്ട്രപതി പദവി ഒഴിഞ്ഞതോടെ പാര്‍ട്ടിയുടെ ഉപദേശകനായി സജീവ രാഷ്ട്രീയത്തില്‍ തിരിച്ചെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇത്തരമൊരു സാധ്യതയെ കുടുംബം തള്ളുന്നു. മുഖര്‍ജി ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയെ അധോഗതിയില്‍ നിന്ന് പുരോഗതിയുടെ ഉന്നതിയിലെത്തിക്കാന്‍ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിത്തുടങ്ങുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രംഗത്തു വന്നതോടെയാണ് ഇതു ചര്‍ച്ചയായത്.
എന്നാല്‍ മുഖര്‍ജിയുടെ ഔചിത്യബോധം ഇത്തരമൊരു സജീവ രാഷട്രീയ റോള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ അനുവദിക്കുമോ എന്ന കാര്യത്തില്‍ തനക്കുറപ്പില്ലെന്നും അയ്യര്‍ പറഞ്ഞു. അതേസമയം മുഖര്‍ജിയുടെ ബൗദ്ധിക സമ്പത്തും രാഷ്ട്രീയ പരിചയവും കോണ്‍ഗ്രസിനെ ഇപ്പോഴത്തെ വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രണബ് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ തള്ളിക്കളഞ്ഞു. തന്‍റെ പിതാവ് ഒരു നിധിയാണെന്നും ഏതൊരു രാഷ്ട്രീയ പാര്‍ട്ടി നേതാവിനും ഉപദേശം തേടിയെത്താവുന്ന ആളാണെന്നും അവര്‍ പറഞ്ഞു. മറ്റു പാര്‍ട്ടികളിലെ നേതാക്കന്‍മാരേയും ഉപദേശങ്ങള്‍ നല്‍കി മുഖര്‍ജി സഹായിച്ചിട്ടുണ്ടെന്നും അദ്ദഹം ഇനിയും അതിനു തയാറാകുമെന്ന് തനിക്കുറപ്പുണ്ടെന്നും ദല്‍ഹി കോണ്‍ഗ്രസ് വക്താവ് കൂടിയായ ശര്‍മിഷ്ഠ പറഞ്ഞു.