ന്യൂദല്‍ഹി- ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിട്ടുകൊടുക്കുന്നത് എങ്ങനെയെന്നു അന്തരീക്ഷ മലിനീകരണ വിഷയത്തില്‍ കേന്ദ്ര- ദല്‍ഹി സര്‍ക്കാരുകളോടു സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കുന്നതില്‍ ഭരണാധികാരികള്‍ പൂര്‍ണമായും പരാജയപ്പെട്ടു. മുറികള്‍ക്കുള്ളില്‍ പോലും ആരും സുരക്ഷിതരല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരുകളുടെ ഒരു ന്യായവും കേള്‍ക്കേണ്ടതില്ലെന്നും നടപടിയാണ് ആവശ്യമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂക്ഷമായി പ്രതികരിച്ചു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വയലുകളിലെ അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കണമെന്ന തങ്ങളുടെ പഴയ ഉത്തരവ് നടപ്പിലാക്കുന്നതില്‍ വലിയ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ മുന്നോട്ടു പോകാനാവില്ല. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നു പഞ്ചാബ്, ഹരിയാന, യുപി സര്‍ക്കാരുകള്‍ വ്യക്തമാക്കണം. അതിനായി മൂന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരും ബുധനാഴ്ച കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.