കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഒന്നാം പ്രതിയും കരാർ കമ്പനി ആർ.ഡി.എസിന്റെ മാനേജിംഗ് ഡയറക്ടറുമായ സുമിത് ഗോയൽ ലാപ് ടോപ്പിന്റെ പാസ്‌വേഡ് വിജിലൻസിന് കൈമാറണമെന്ന് ഹൈക്കോടതി. സുമിത് ഗോയലും ടി.ഒ. സൂരജ് അടക്കമുള്ള പ്രതികൾക്ക് ഉപാധികളാടെ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ നിർദേശം.
അഴിമതിയുടെ മുഖ്യ സൂത്രധാരനായ സുമിത് ഗോയലിന്റെ വസതിയിൽനിന്ന് റെയ്ഡിൽ പിടിച്ചെടുത്ത ലാപ് ടോപ്പിന്റെ പാസ്‌വേഡ് ഗോയലോ ജീവനക്കാരോ കൈമാറുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഉപാധികൾ ഏർപെടുത്താവുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഗോയൽ അടക്കമുള്ളവർക്ക് ജാമ്യം അനുവദിച്ചത്. സാമ്പത്തിക വിവരങ്ങൾ, ഇലക്‌ട്രോണിക് ട്രാൻസാക്ഷൻ വിവരങ്ങൾ.
ഇതിനായി ഉപയോഗിച്ച ഹാർഡ് വെയർ, സോഫ്റ്റ് വെയർ ഉപകരണങ്ങളുടെ മുഴുവൻ വിവരങ്ങളും പ്രതികൾ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്നതാണ് ജാമ്യ വ്യവസ്ഥകൾ. പാലം അഴിമതിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ വസ്തുതകൾ പൂർണമായും വെളിച്ചത്തു വന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ സംശയമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രതികൾ ഇക്കാലയളവിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പ്രോസിക്യൂഷന് തന്നെ പരാതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ ഹാജരാവണം, പാസ്‌പോർട്ട് വിചാരണക്കോടതിയിൽ
10 ദിവസത്തിനകം കെട്ടിവെക്കണം, ഫോൺ നമ്പർ, ഇ-മെയിൽ, ഇലക്‌ട്രോണിക് രേഖകൾ എന്നിവ അന്വേഷണ ഏജൻസിക്ക് കൈമാറണം.
പ്രതികൾ സംസ്ഥാനം വിട്ടു പോവുന്നുണ്ടങ്കിൽ അക്കാര്യം അന്വേഷണ ഏജൻസിയെ അറിയിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. രണ്ടാമത്തെ ജാമ്യാപേക്ഷയിലാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ആദ്യ ജാമ്യാപേക്ഷ തള്ളിയ ശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടായി എന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികൾ വീണ്ടും കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 30 നാണ് പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. അറുപത്തി അഞ്ചാം ദിവസമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.