കോഴിക്കോട്- പ്രീ ഡിഗ്രി പാസായിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയ കൂടത്തായി കൂട്ടക്കൊലക്കേസ് മുഖ്യപ്രതി ജോളി ജോസഫിന്റെ കൈവശം കൊമേഴ്‌സ് ബിരുദങ്ങളായ ബികോമും എംകോമും പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍. കേരള, മഹാത്മാ ഗാന്ധി സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് കണ്ടെത്തിയത്. ഇവ വ്യാജയി നിര്‍മിച്ചതാമെന്ന് സംശയിക്കുന്നു. സ്ഥിരീകരിക്കാനായി സര്‍വകലാശാലകള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. എന്‍ഐടിയില്‍ അധ്യാപികയാണെന്ന് വീട്ടുകാരെ ബോധിപ്പിക്കാനാണ് ഇവ സംഘടിപ്പിച്ചതെന്ന് അന്വേഷണ സംഘം കരുതുന്നു. പോലീസ് കണ്ടെടുത്ത എംജിയുടെ ബികോം സര്‍ട്ടിഫിക്കറ്റും കേരളയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നും തെളിഞ്ഞാല്‍ സ്വത്തു തട്ടാന്‍ വ്യാജ ഓസ്യത്തുണ്ടാക്കുന്നതിനു മുമ്പും ജോലി വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് പോലീസിസ് സ്ഥാപിക്കാന്‍ കഴിയും.
നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. ഇതെങ്ങനെ കഴിഞ്ഞുവെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. ജോലി ബിരുദവും പൂര്‍ത്തിയാക്കിയിട്ടില്ല. പിന്നീട് വിവാഹ ശേഷം കട്ടപ്പനയില്‍ നിന്ന് കൂടത്തായി എത്തിയപ്പോള്‍ താന്‍ എംകോം ബിരുദധാരിയാണെന്നാണ് ജോളി എല്ലാവരോടും പറഞ്ഞിരുന്നത്.