ന്യൂദല്‍ഹി- ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ വരാനിരിക്കുന്ന വിധി എല്ലാവരും മാനിക്കണമെന്ന് വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കളും പണ്ഡിതരും ബുദ്ധജീവികളും ആവശ്യപ്പെട്ടു. ശനിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓള്‍ ഇന്ത്യാ മുസ്ലിം മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ നവേദ് ഹാമിദ് ആണ് യോഗം വിളിച്ചു ചേര്‍ത്തത്. ജംഇയത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ഷദ് മദനി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അധ്യക്ഷനും കേന്ദ്ര വിവരാവകാശ കമ്മീഷണറുമായിരുന്ന വജാഹത് ഹബീബുല്ല, ജമാഅത്തെ ഇസ്ലാമി അധ്യക്ഷന്‍ സാദത്തുല്ല ഹുസൈനി, പാര്‍ലമെന്റ് അംഗങ്ങളായ ഡോ. ജാവേദ്, ഇംറാന്‍ ഹസന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ആയോധ്യ കേസിലെ വിധിക്കു ശേഷവും എന്തു വിലകൊടുത്തും സമാധാന അന്തീരക്ഷവും സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യം യോഗം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ മൊത്തം പുരോഗതി കണക്കിലെടുത്ത് ബാബരി കേസ് വിധി പോസിറ്റീവായി എടുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തെ ക്ഷമയോടെയും സഹനശക്തിയോടെയും അഭിമുഖീകരിക്കണമെന്നും ഏതു തരത്തിലുമുള്ള പ്രകോപനങ്ങളെ ഒഴിവാക്കണമെന്നും രാജ്യത്തെ പൗരന്മാരോടും മുസ്ലിം പ്രമുഖര്‍ ആവശ്യപ്പെട്ടു.