ന്യൂദല്‍ഹി- ദല്‍ഹി കന്റോണ്‍മെന്റിലെ മനേക്ഷാ സെന്ററിലെ ലൈബ്രറിയില്‍ നിന്ന് പുസ്തകം മോഷ്ടിച്ച മുന്‍ കരസേനാ ഓഫീസര്‍ മുകേഷ് അറോറയെ ദല്‍ഹി പോലീസ് കയ്യോടെ പിടികൂടി. യുഎസ്, കാനഡ ഇരട്ട പൗരത്വമുള്ള അറോറയുടെ മോഷണത്തിനു പിന്നില്‍ ചാരവൃത്തിയും ഉണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് 64കാരനായ മുകേഷ് അറോറയെ പിടികൂടിയത്. സൈന്യത്തില്‍ കേണലായിരുന്നു എന്നു പരിചയപ്പെടുത്തിയാണ് അറോറ ലൈബ്രറിയില്‍ പ്രവേശിച്ചത്. എട്ടു പുസ്തകങ്ങള്‍ എടുത്ത് പുറത്തിറങ്ങുന്നതിനിടെ സൈനിക ഓഫീസര്‍മാരാണ് അറോറയെ പിടികൂടിയത്. പിന്നീട് പോലീസിന് കൈമാറുകയായിരുന്നു.
ഇപ്പോള്‍ കാനഡയിലാണ് മുകേഷ് അറോറ കഴിയുന്നത്. ഇതാണ് ചാരവൃത്തി സംശയത്തിനിടയാക്കിയത്. വിദേശ ഏജന്‍സികള്‍ക്കു വേണ്ടിയാണോ ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും സംശയിക്കപ്പെടുന്നു. എന്നാല്‍ വ്യക്തമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഐബി, ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ തുടങ്ങിയ ഏജന്‍സികള്‍ അറോറയെ ചോദ്യം ചെയ്തു വരികയാണ്.
മോശം പെരുമാറ്റം കാരണം കരസേനയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് അറോറയെന്നും പറയപ്പെടുന്നു. ദല്‍ഹിയിലെ വസന്ത് കുഞ്ചില ായിരുന്നു താമസം.