ബലസോര്‍- ഒഡിഷയിലെ ബലസോര്‍ ജില്ലയിലെ ഹസന്‍പൂരില്‍ ജീവനക്കാരിയുമായി അവിഹത ബന്ധം ആരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചു. പ്രിന്‍സിപ്പല്‍ രാജീവ് ലോചനും ഹോസ്റ്റര്‍ സുപ്രണ്ട് സബിത ബിസ്വാളും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ മാസം ഇരുവരേയും അസ്വാഭാവിക സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. ഇതിനു ശേഷം പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. പ്രിന്‍സിപ്പലിന്റേയും ജീവനക്കാരിയുടേയും രഹസ്യ ബന്ധം സ്‌കൂളിലാകെ പാട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ശനിയാഴ്ച പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി.
രാജീവ് ലോചനെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ മുന്‍വശത്തെ ഗെയ്റ്റ് അടച്ചുപൂട്ടി സമരം ചെയ്തു. ഈ സമരത്തോടൊപ്പം പിന്നീട് രക്ഷിതാക്കളും ചേര്‍ന്നു. ഇവരാണ് പ്രിന്‍സിപ്പലിനേയും ജീവനക്കാരിയേയും പിടികൂടി സ്‌കൂളിനു പുറത്തെ റോഡിലേക്ക് വലിച്ചു കൊണ്ടു വന്നത്. ഇവിടെ വച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ നന്നായി പെരുമാറുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ബാല സംരക്ഷണ യൂണിറ്റ് അധികൃതര്‍ സ്ഥലത്തെത്തി പ്രിന്‍സിപ്പലിനേയും ജീവനക്കാരിയേയും രക്ഷപ്പെടുത്തുകയായിരുന്നു.
രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കാന്‍ പ്രിന്‍സിപ്പലും ജീവനക്കാരിയും തങ്ങളെ നിര്‍ബന്ധിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇത് സ്‌കൂളിലെ സമാധാന അന്തരീക്ഷം താറുമാറാക്കിയിരുന്നതായും പെണ്‍കുട്ടികള്‍ ആരോപിച്ചു.