റിയാദ്- നിതാഖാത്ത് പ്രകാരം നിശ്ചിത ശതമാനം സ്വദേശിവൽക്കരണം പാലിക്കാതെ മഞ്ഞ വിഭാഗത്തിലായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാനാകില്ലെന്ന് തൊഴിൽ മന്ത്രാലയം ആവർത്തിച്ചു.
സൗദി അറേബ്യയിൽ രണ്ടു വർഷത്തിലധികം പൂർത്തിയാക്കിയ, മഞ്ഞ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വീണ്ടും വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റാനും പുതിയ വിസയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും അനുവദിക്കില്ല.
വിദേശ തൊഴിലാളിക്ക് വർക്ക് പെർമിറ്റിനു വേണ്ടി നൽകിയ അപേക്ഷ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിരാകരിച്ചതിനെ കുറിച്ച് മഞ്ഞ വിഭാഗം സ്ഥാപന ഉടമയായ സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വർക്ക് പെർമിറ്റ് പുതുക്കാതെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കാനും കഴിയില്ല.
സൗദിവൽക്കരണ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരം തിരിക്കുന്നതാണ് നിതാഖാത്ത് പദ്ധതി. സൗദിവൽക്കരണത്തിന്റെ തോത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും ഉയർന്ന തോതിൽ സ്വദേശിവൽക്കരണം പാലിച്ച് പച്ച, പ്ലാറ്റിനം വിഭാഗങ്ങളിൽ പെടുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യും. പച്ച വിഭാഗം സ്ഥാപനങ്ങളെ ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച എന്നിങ്ങനെ വീണ്ടും മൂന്നായി തരം തിരിച്ചിട്ടുണ്ട്.
അതേസമയം, വിദേശങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോഴും റിക്രൂട്ട് ചെയ്യുമ്പോഴും സ്ഥാപനങ്ങൾ പച്ചയിൽ നിന്ന് താഴോട്ട് പോകാതെ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം പറഞ്ഞു. വിസാ അപേക്ഷ നൽകിയ ശേഷം സ്ഥാപനങ്ങൾ ഇടത്തരം പച്ചയിൽനിന്ന് താഴേക്ക് പോകുന്നതിലൂടെ തൽക്ഷണ വിസാ സേവനം പൂർണമായും നിഷേധിക്കില്ല. എന്നാൽ വിസാ അപേക്ഷ പൂർത്തിയാക്കാൻ സ്ഥാപനങ്ങൾക്ക് സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ വിസകളുടെ എണ്ണം കുറക്കുകയോ കൂടുതൽ വിസകൾ ലഭിക്കാൻ സൗദിവൽക്കരണം ഉയർത്തുകയോ ചെയ്യണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച് ഇടത്തരം പച്ചയും അതിനു മുകളിലുമുള്ള വിഭാഗങ്ങളിൽ ഉൾപ്പെടുകയും വേതന സുരക്ഷാ പദ്ധതി പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് തൽക്ഷണ വിസാ സേവനം നൽകുന്നത്. മുൻ വർഷങ്ങളിൽ പുതിയ വിസ ലഭിക്കാൻ എട്ടു മാസം വരെ എടുക്കുന്ന സുദീർഘമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നു. ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച് ഇടത്തരം പച്ചയും അതിനു മുകളിലുമുള്ള വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനമെന്നോണമാണ് തൽക്ഷണ വിസാ സേവനം മന്ത്രാലയം നൽകുന്നത്. വിസാ അപേക്ഷകൾ സമർപ്പിക്കുന്നതിനു മുമ്പായി എല്ലാ വിഭാഗം സ്ഥാപനങ്ങളും നിശ്ചിത കാലം താഖത്ത് പോർട്ടലിൽ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. നിശ്ചിത കാലം തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തിയിട്ടും യോഗ്യരായ സൗദി ഉദ്യോഗാർഥികളെ കിട്ടാനില്ലെന്ന് പൂർണമായും ഉറപ്പു വരുത്തിയ ശേഷമാണ് മറ്റു വ്യവസ്ഥകൾ കൂടി പാലിച്ചിട്ടുണ്ടെന്ന് നോക്കി മന്ത്രാലയം വിസകൾ അനുവദിച്ചിരുന്നത്.