സ്ത്രീയെ പീഡിപ്പിക്കുന്ന വിഡിയോ വൈറലായി; ഒടുവില്‍ പോലീസ് കേസെടുത്തു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ആറുപേര്‍ ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുന്ന  വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. പ്രതികള്‍ തന്നെയാണ് ദൃശ്യം
പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ചിത്രകൂട് ജില്ലയിലാണ് സംഭവം.
സംഭവം നടന്ന ദിവസംതന്നെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും തന്നെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന് സ്ത്രീ ആരോപിച്ചു. വിഡിയോ ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ വീണ്ടും പോലീസ് സൂപ്രണ്ടിന് മുന്നിലെത്തി പരാതി നല്‍കിയപ്പോഴാണ് കേസെടുക്കാന്‍ പോലീസ് തയാറായത്.  മൗ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.  
കുടുംബാംഗത്തോടൊപ്പം ബന്ധുവീട്ടിലേക്ക് പോയ സ്ത്രീയെ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബാംഗത്തെ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ആറുപേര്‍ക്കെതിരെ കേസെടുത്തതായും പരാതിക്കാരിക്ക്  വൈദ്യ പരിശോധന നടത്തിയതായും മൗ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News