കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ സ്‌കൂളില്‍ പോകുന്നതിനിടെ കുഴിബോംബ് പൊട്ടി ഒമ്പത് വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തരകിഴക്കന്‍ പ്രവിശ്യയായ താക്കറിലാണ് സംഭവം.
താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സര്‍ക്കാര്‍ സേനയെ ലക്ഷ്യമിട്ട് വ്യാപകമായി കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സ്‌കൂളിലേക്കുള്ള യാത്രക്കിടെ കുട്ടികളിലൊരാള്‍ മൈനില്‍ ചവിട്ടിയതാണ് സ്‌ഫോടനത്തിനു കാരണമെന്ന് പൊലിസ് വക്താവ് ഖലീല്‍ ആസിര്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരെല്ലാം പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളായ 9-12 വയസ്സുകാരാണ്. ഇതില്‍ നാലുപേര്‍ താലിബാന്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്നും പോലീസ് പറയുന്നു.
ഈ വര്‍ഷം ജൂലൈക്കും സെപ്റ്റംബറിനുമിടയില്‍ 4,313 പേര്‍ അഫ്ഗാനില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 42 ശതമാനം വര്‍ധന. 2009നുശേഷം 1,000 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.