Sorry, you need to enable JavaScript to visit this website.

പല്ലുകള്‍ക്ക് സൗന്ദര്യം കുറവ്;  യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി

ഹൈദരാബാദ്- ഭാര്യയുടെ പല്ലുകള്‍ക്ക് സൗന്ദര്യം കുറവെന്ന് കാരണം പറഞ്ഞു യുവാവിന്റെ മുത്തലാഖ് ചൊല്ലല്‍. സെക്കന്തരാബാദിലാണ് സംഭവം. രുക്‌സാന ബീഗം എന്ന യുവതിയാണ് ഭര്‍ത്താവ് മുസ്തഫയ്‌ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. 2019 ജൂണ്‍ 27നായിരുന്നു രുക്‌സാനയും മുസ്തഫയും തമ്മിലുള്ള വിവാഹം നടന്നത്. വൈകാതെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ രുക്‌സാനയെ ശല്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഭാര്യയുടെ പല്ലുകള്‍ നിരതെറ്റിയതാണെന്ന കുറ്റം കണ്ടെത്തിയ മുസ്തഫ ഭാര്യയെ മുത്തലാഖ് ചൊല്ലുകയായിരുന്നു.
ഒക്‌ടോബര്‍ 31നാണ് ഇതു സംബന്ധിച്ച പരാതി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. മുസ്തഫയ്‌ക്കെതിരെ ഐപിസി 498എ, സ്ത്രീധന നിരോധന നിയമം, മുത്തലാഖ് നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. 
വിവാഹ സമയത്ത് മുസ്തഫയും വീട്ടുകാരും ചോദിച്ചതെല്ലാം തന്റെ വീട്ടുകാര്‍ നല്‍കി. വിവാഹ ശേഷം ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ സ്വര്‍ണവും പണവും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. മുസ്തഫ തന്റെ സഹോദരന്റെ ബൈക്കും തട്ടിയെടുത്തു. ഒടുവില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും പല്ലുകള്‍ക്ക് സൗന്ദര്യമില്ലാത്ത തന്റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും മുസ്തഫ പറഞ്ഞതായി യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 1015 ദിവസത്തോളം ഭര്‍തൃവീട്ടുകാര്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടുവെന്നും ഇവര്‍ പറഞ്ഞു. 
തനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ മുസ്തഫയും വീട്ടുകാരും തന്നെ പിതാവിന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. സ്ഥലത്തെ പോലീസിന് പരാതി നല്‍കിയപ്പോള്‍ മുസ്തഫ ഒത്തുതീര്‍പ്പിന് തയ്യാറാകുകയും തന്നെ തിരിച്ചുകൊണ്ടുപോകാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഒക്‌ടോബര്‍ ഒന്നിന് തിരിച്ചുവന്ന മുസ്തഫ തന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറയുകയും മാതാപിതാക്കളെ അപമാനിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മുത്തലാഖ് ചൊല്ലിയെന്നും യുവതി പരാതിയില്‍ പറയുന്നു. 
ഒക്‌ടോബര്‍ 12ന് ഫോണിലൂടെ മുസ്തഫയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മുത്തലാഖ് ചൊല്ലി ഒഴിവാക്കി. ഇതോടെയാണ് വീണ്ടും പരാതി നല്‍കിതെന്നു യുവതി പറയുന്നു. തനിക്ക് നീതി കിട്ടണമെന്നും അവര്‍ പറയുന്നു.

Latest News