ന്യൂദല്‍ഹി- കര്‍തര്‍പൂര്‍ തീര്‍ത്ഥാടന ഇടനാഴി ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്കിസാനില്‍ പോകാന്‍ അനുമതി തേടി കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തു നല്‍കി. നവംബര്‍ ഒമ്പതിന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട കര്‍തര്‍പൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സിദ്ധുവിനെ പാക് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. സിഖ് മതസ്ഥാപകന്‍ ഗുരു നാനകിന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കി പാക്കിസ്ഥാനും ഇന്ത്യയും കര്‍തര്‍പൂര്‍ ഇടനാഴി പണികഴിപ്പിച്ചത്. ഒരു എളിയ സിഖ് വിശ്വാസി എന്ന നിലയില്‍ ഗുരു ബാബ നാനകിന് ആദരവ് അര്‍പിക്കാനും നമ്മുടെ വേരുകള്‍ ബന്ധിപ്പിക്കാനും അവസരം ലഭിക്കുന്നത് ഈ ചരിത്രപരമായ സാഹചര്യത്തില്‍ മഹത്തായ കാര്യമാണെന്ന് കത്തില്‍ സിദ്ധു ചൂണ്ടിക്കാട്ടുന്നു.
കര്‍തര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശനത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിനു മാത്രം പാക്കിസ്ഥാന്‍ യാത്രാ അനുമതി നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അനുമതി എടുക്കേണ്ടി വരുമെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിദ്ധുവിന് പാക് ക്ഷണം ലഭിച്ചതിനു പിന്നാലെയായിരുന്നു ഈ അറിയിപ്പ്.
മുന്‍പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കേന്ദ്ര മന്ത്രി ഹര്‍ദീപ് പുരി എന്നിവരും കേന്ദ്ര സര്‍ക്കാരിന്റെ 575 അംഗ സംഘത്തില്‍ ഉള്‍പ്പെടും. പാക്കിസ്ഥാനിലെ കര്‍തര്‍പൂരിലേക്കുള്ള ഉല്‍ഘാടന ജാഥയില്‍ ഇവര്‍ പങ്കെടുക്കും. കര്‍തര്‍പൂരിലേക്കുള്ള ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ ദിവസം പാക്കിസഥാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.