Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ടത് അമിത് ഷായുടെ മേല്‍നോട്ടത്തില്‍; യെഡിയൂരപ്പയുടെ ശബ്ദരേഖ പുറത്ത്

ബെംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മേല്‍നോട്ടം നല്‍കിയതും എല്ലാ ക്രമീകരണങ്ങളും ചെയ്തതും ബിജെപി അധ്യക്ഷനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പറയുന്ന രഹസ്യ ഓഡിയോ ക്ലിപ് പുറത്തു വന്നു. സര്‍ക്കാരിന്റെ വീഴ്ചയ്ക്കു കാരണമായ എംഎല്‍എമാര്‍ക്കിടയിലെ ഏറെ കാലം നീണ്ടു നിന്ന കലഹം ഉണ്ടാക്കിയതിനു പിന്നില്‍ ഷാ ആയിരുന്നെന്നും യെഡിയൂരപ്പ പറയുന്ന രഹസ്യ ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് 100 ദിവസം തികയ്ക്കുന്ന ബിജെപി സര്‍ക്കാരിന് നാണക്കേടായി. ഈ ശബ്ദത്തിന്റെ ആധികാരികത സംബന്ധിച്ച ചോദ്യത്തിന് യെഡിയൂരപ്പ മറുത്തൊന്നും പറഞ്ഞിട്ടില്ല. താന്‍ പാര്‍ട്ടിയുടെ താല്‍പര്യത്തിലാണ് സംസാരിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശബ്ദ രേഖ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

രാജിവച്ച 17 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരോട് നല്ല രീതിയില്‍ പെരുമാറണമെന്ന് ഓഡിയോയില്‍ യെഡിയൂരപ്പ ബിജെപി നേതാക്കളോട് പറയുന്നതായി കേള്‍ക്കാം. ഈ എംഎല്‍എമാരുടെ രാജിയാണ് ജൂലൈയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ വീഴ്ചയിലേക്കു നയിച്ചത്.

പാര്‍ട്ടി വിപ്പ് ലംഘിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മുംബൈയില്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ വിമത എംഎല്‍എമാരെ ക്യാംപ് ചെയ്യിപ്പിച്ച പദ്ധതി അമിത് ഷായുടെ അറിവോടെയായിരുന്നു എന്നും യെഡിയൂരപ്പ പറയുന്നു. അവരെ കൊണ്ട് ആ തീരുമാനം എടുപ്പിച്ചത് യെഡിയൂരപ്പയല്ല, ദേശീയ പ്രസിഡന്റാണ്. അദ്ദേഹം അതിനു വേണ്ടി എല്ലാ ക്രമീകരണങ്ങളും ചെയ്തു. ആ 17 പേരുടെ തീരുമാനത്തെ കുറിച്ച് നിങ്ങള്‍ക്കറിയില്ലെ? രണ്ടു മൂന്ന് മാസം സ്വന്തം മണ്ഡലത്തില്‍ പോകാതെ കുടുംബത്തെ പോലും കാണാതെ മുംബൈയിലെ ഹോട്ടലിലായിരുന്നു അവര്‍. ഇവരാണ് നമ്മെ സഹായിച്ചത്. ഭരിക്കുന്ന പാര്‍ട്ടിയാകാന്‍ നമ്മെ സ്ഹായിച്ചത് ഇവരാണ്. അവര്‍ എംഎല്‍എ പദവി രാജിവച്ചു. സുപ്രീം കോടതിയില്‍ വരെ പോയി. ഇതൊക്കെ അറിയുന്ന നാം എന്തു വന്നാലും അവരുടെ കൂടെ തന്നെ നില്‍ക്കണം- ശബ്ദ രേഖയില്‍ യെഡിയൂരപ്പ പറയുന്നു. ഇവരോടുള്ള സമീപനത്തില്‍ യെഡിയൂരപ്പ ഇപ്പോള്‍ അതൃപ്തനാണെന്ന് അദ്ദേഹത്തിന്റെ ശബ്ദം സൂചിപ്പിക്കുന്നു. താന്‍ ഇത്ര പ്രതീക്ഷിച്ചില്ലെന്നും മൂന്നു നാലു തവണ മുഖ്യമന്ത്രിയായ തനിക്ക് ഇനിയും മുഖ്യമന്ത്രിയാകേണ്ടതില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അവരെ പറഞ്ഞ് വിശ്വസിപ്പിച്ച് മുഖ്യമന്ത്രി ആയതില്‍ തനിക്കിപ്പോള്‍ കുറ്റബോധം ഉണ്ടെന്നും യെഡിയൂരപ്പ പറയുന്നുണ്ട്.
 

Latest News