കോഴിക്കോട്- മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് സി.പി.എം പ്രവർത്തകർക്കെതിരായ യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കില്ലെന്ന് ഐ.ജി അശോക് യാദവ്. യു.എ.പി.എ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കൂടുതൽ പരിശോധന നടത്തുമെന്നും ഐജി പറഞ്ഞു. യു.എ.പി.എ ചുമത്തിയത് നേരിട്ട് അന്വേഷിക്കാൻ ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് ഐ.ജി പന്തിരാങ്കാവ് സ്‌റ്റേഷനിൽ എത്തിയത്.
യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയിൽ പ്രതിഷേധവുമായി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ പോലീസ് പുനരാലോചന നടത്തേണ്ടിയിരുന്നെന്ന് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞിരുന്നു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളും സി.പി.എം പ്രവർത്തകരുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ ഇന്ന് അറസ്റ്റ് ചെയ്തത്.