Sorry, you need to enable JavaScript to visit this website.

ഉദ്ധവ് താക്കറെ ശരത് പവാറുമായി ഫോണില്‍ സംസാരിച്ചു; മഹാരാഷ്ട്രയില്‍ പുതിയ ട്വിസ്റ്റ്

മുംബൈ- ബിജെപിയും ശിവസേനയും തമ്മിലുള്ള അധികാരം പങ്കിടല്‍ തര്‍ക്കത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയ മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുമോ? ശിവ സേനാ തലവന്‍ ഉദ്ധവ് താക്കറെയും പ്രതിപക്ഷമായ എന്‍സിപി നേതാവ് ശരത് പവാറും ഫോണില്‍ സംസാരിച്ചുവെന്ന റിപോര്‍ട്ടാണ് ഇത്തരമൊരു സംശയത്തിനിടയാക്കിയിരിക്കുന്നത്. ശിവ സേന എന്‍സിപിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഉദ്ധവിന്റെ ഫോണ്‍ കോളിനു പിന്നാലെ പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാന്‍ ദല്‍ഹിക്കു തിരിക്കുമെന്ന റിപോര്‍ട്ടുകള്‍ കൂടി വന്നതോടെ അഭ്യൂഹം ശക്തമായിരിക്കുകയാണ്. വ്യാഴാഴ്ച മുതിര്‍ന്ന ശിവ സേനാ നേതാവ് സഞ്ജയ് റാവത്തും പവാറിനെ നേരിട്ട് ചെന്നു സന്ദര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രി പദവി പങ്കിടണമെന്ന നിലപാടില്‍ നിന്ന് ശിവ സേന പിറകോട്ട് പോകാത്തതാണ് ബിജെപിക്കു മുമ്പിലുള്ള വലിയ തടസ്സം. ഒരു വേള നിലപാടില്‍ അയവു വരുത്തുമെന്ന് തോന്നിപ്പിച്ച ശിവ സേന ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ പരിഹാരം ഇനിയുടെ അകലെയാണെന്ന് വ്യക്തമായിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണയാണ് മുഖ്യമന്ത്രി പദവി പങ്കിടുക എന്നത്. ജനങ്ങള്‍ ഇതിനെ പിന്തുണച്ചു. ശിവ സേനയില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്ന് അവര്‍ ആഗ്രഹിച്ചു- റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞു.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റാണ് ലഭിച്ചത്. ശിവസേനയ്ക്ക് 56ഉം എന്‍സിപി 54 സീറ്റ് നേടി മൂന്നാം സ്ഥാനത്തും ഉണ്ട്. 44 സീറ്റ് നേടിയ കോണ്‍ഗ്രസാണ് തൊട്ടു പിന്നില്‍. 145 അംഗ ബലമുള്ള സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാം.
 

Latest News