ന്യൂദല്‍ഹി- ചാര പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ഇസ്രായിലി സൈബര്‍ സെക്യൂരിറ്റ് കമ്പനിയായ എന്‍എസ്ഒ വാട്‌സാപ്പ് വഴി പലരുടേയും ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതു സംബന്ധിച്ച് മേയ് മാസം തന്നെ അധികൃതരെ അറിയിച്ചിരുന്നുവെന്ന് വാട്‌സാപ്പ്. ഇതു തടയാന്‍ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും മൊബൈല്‍ ഫോണുകള്‍ വാട്‌സാപ്പില്‍ മാല്‍വെയര്‍ കടത്തി വിട്ട് രഹസ്യമായി ചോര്‍ത്തിയ സംഭവം പുറത്തു വന്നതോടെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വാട്‌സാപ്പില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വാട്‌സാപ്പിന്റെ മറുപടി.
തങ്ങളുടെ മുന്തിയ പരിഗണന വാട്‌സാപ്പ് യൂസര്‍മാരുടെ സ്വകാര്യതയും സുരക്ഷയുമാണെന്ന് കമ്പനി വ്യക്തമാക്കി. ചോര്‍ത്തല്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അതു തടയുകയും ബന്ധപ്പെട്ട ഇന്ത്യന്‍ അധികൃതരേയും മറ്റു വിദേശ സര്‍ക്കാര്‍ അധികാരികളേയും അറിയിച്ചിരുന്നതാണ്. ശേഷം ആരൊക്കെയാണ് ചോര്‍ത്തലിന് ഇരയായതെന്ന് അന്വേഷിച്ചുവെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ചാര കമ്പനി എന്‍എസ്ഓക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചു.