റിയാദ്- സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച് ദല്‍ഹിയിലെ സൗദി അംബാസഡറുമായി ചര്‍ച്ച നടത്തുമെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും മുസ്‌ലിം ലീഗ് നേതാക്കളും എം.പിമാരുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍ വഹാബും പറഞ്ഞു. റിയാദില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൗരത്വ പട്ടിക അസമില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്നും പട്ടികയില്‍നിന്ന് പുറത്തായവര്‍ക്ക് അസമിലെ അഭിഭാഷകരെ ഉള്‍പ്പെടുത്തി ലോയേഴ്‌സ് ഫോറം രൂപീകരിച്ച് നിയമ സഹായം നല്‍കിവരുന്നതായും യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫിന്റെ ഐക്യം നിലനിര്‍ത്താന്‍ മുസ്‌ലിം ലീഗ് ഒറ്റക്കും എല്ലാവരുമൊന്നിച്ചും ശ്രമിക്കും.
ഈ വിഷയത്തിലുണ്ടായ കോടതിവിധി പരിശോധിക്കണം. 15ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും. ഇതിനേക്കാളും വലിയ പ്രശ്‌നങ്ങള്‍ യു.ഡി.എഫിലുണ്ടായിട്ടുണ്ട്. മുന്നണിയില്‍ തര്‍ക്കവിതര്‍ക്കങ്ങളുണ്ടാകുന്നത് സാധാരണയാണ്. അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ച് ഐക്യത്തോടെ മുന്നേറാന്‍ യു.ഡി.എഫിന് സാധിക്കും.
കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും. ജനകീയ പ്രശ്‌നങ്ങളോട് മുഖം തിരിക്കില്ല. വാളയാര്‍ കേസില്‍ സര്‍ക്കാറിന്റെ ഒത്തുകളി പരസ്യമായിരിക്കുന്നു. രണ്ട് പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് ജനങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ല. വ്യാജ ഏറ്റുമുട്ടലുകളെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ മാവോയിസ്റ്റുകളെ ഏകപക്ഷീയമായി വെടിവെച്ചുകൊന്ന സംഭവമാണ് അട്ടപ്പാടിയില്‍നിന്ന് പുറത്തുവരുന്നത്. ഇത്തരം ഏകപക്ഷീയ വെടിവെപ്പുകള്‍ക്ക് ന്യായീകരണമില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തോ മറച്ചുവെക്കുന്നുണ്ടെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തണ്ടര്‍ബോള്‍ട്ട് സേന യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് നിലവില്‍ വന്നതെങ്കിലും വെടിവെക്കാന്‍ അവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
മോഡറേഷനല്ല, മാര്‍ക്ക് ദാനം തന്നെയാണ് മന്ത്രി ജലീലിന്റെ നേതൃത്വത്തില്‍ നടന്നത്. യൂനിവേഴ്‌സിറ്റി പരീക്ഷകളുടെയും പി.എസ്.സിയുടെയും വിശ്വാസ്യത തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കണമെന്നും അവര്‍ പറഞ്ഞു.