Sorry, you need to enable JavaScript to visit this website.

ഇസ്ലാം സ്വീകരിച്ച അഭിഭാഷകയെ ജഡ്ജിയാക്കരുതെന്ന് മോഡി സര്‍ക്കാര്‍; ആവശ്യം തള്ളി കൊളീജിയത്തിന്റെ നിയമനം

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പ്രമുഖ അഭിഭാഷക മോക്ഷ കാസ്മി ഖജൂരിയയെ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജിയാക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി കൊളീജിയം തള്ളി. അവരുടെ നിയമനം ശരിവെച്ചു. ഒക്ടോബര്‍ 15ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ജമ്മു കശ്മീര്‍ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ടു അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കശ്മീരി മുസ്ലിമിനെ വിവാഹം ചെയ്ത് മതം മാറിയ മോക്ഷയെ ജഡ്ജിയാക്കാന്‍ ആവില്ലെന്നായിരുന്നു നരേന്ദ്ര മോഡി സര്‍ക്കാരിന്റെ തടസ്സവാദം. മോക്ഷയുടെ വരുമാനത്തില്‍ 'പെട്ടെന്ന് വളര്‍ച്ച' ഉണ്ടായെന്ന് ആരോപിക്കുകയും അഭിഭാഷക എന്ന നിലയില്‍ അവരുടെ കഴിവിനേയും കേന്ദ്രം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിന് മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി അടുത്ത ബന്ധമുണ്ടെന്നും സര്‍ക്കാര്‍ തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നു. 

കൊളീജിയം മോക്ഷയുടെ നിയമനം തള്ളുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതെന്നു തോന്നുന്നു. അവരുടെ വരുമാന വളര്‍ച്ചയെ കുറിച്ചുള്ള പരമാര്‍ശവും ഇതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇതൊക്കെ തള്ളിയ സുപ്രീം കോടതി കൊളീജയം അവരെ ജഡ്ജിയായി നിയമിക്കണമെന്ന് ഏതാനും ദിവസം മുമ്പാണ് നിര്‍ദേശം നല്‍കിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു. കേന്ദ്രം ചൂണ്ടിക്കാട്ടിയ മോക്ഷയുടെ വരുമാന വളര്‍ച്ചയില്‍ നിയമ വിരുദ്ധമായി എന്തെങ്കിലുമുണ്ട് എന്നതിന് ഒരു തെളിവുമില്ലെന്നും ഇഷ്ടമില്ലാത്ത ഒരാളുടെ നിയമനം തടയാനുള്ള സര്‍ക്കാരിന്റെ പതിവു തന്ത്രത്തിന്റെ ഭാഗമായാണ് ഈ ആരോപണങ്ങളെന്നും അവര്‍ പറയുന്നു. 

മോക്ഷ കസ്മി ഖജുരിയ ജമ്മുവില്‍ നിന്നുള്ള ഹിന്ദു കുടുംബാംഗമാണ്. കശ്മരീലെ ശ്രീനഗര്‍ സ്വദേശിയായ വ്യവസായി യാസിര്‍ സഈദ് കാസ്മിയെ വിവാഹം ചെയ്ത ശേഷമാണ് അവര്‍ ഇസ്ലാം മതം സ്വീകരിച്ചത്.

മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ മോക്ഷയെ അഡീഷണല്‍ അഡ്വകെറ്റ് ജനറലായി നിയമിച്ചിരുന്നു. എന്നാല്‍ നിയമ മന്ത്രിയും അഡ്വക്കറ്റ് ജനറലുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പദവിയില്‍ നിന്ന് നീക്കപ്പെട്ടു.
 

Latest News