വാഷിങ്ടണ്‍- ആഗോള തലത്തില്‍ വിവാദമായി മാറിയ വാട്‌സാപ്പ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ യുഎസിനോട് അടുപ്പമുള്ള രാജ്യങ്ങളിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇരയാക്കപ്പെട്ടതായി റിപോര്‍ട്ട്. ഇക്കാര്യം വാട്‌സാപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി എന്നാണ് റിപോര്‍ട്ട്. ഇസ്രായില്‍ സൈബര്‍ ചാര കമ്പനി എന്‍എസ്ഒ രഹസ്യമായി വാട്‌സാപ്പിലേക്കു കടത്തിവിട്ട മാല്‍വെയറിലൂടെയാണ് ഈ വന്‍ വിവര ചോരണം നടന്നിട്ടുള്ളത്. ഇക്കാര്യം വാട്‌സാപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട്.
യുഎസിനോട് അടുപ്പമുള്ളതടക്കം 20 രാജ്യങ്ങളിലെ ഉന്നതരായ സൈനിക ഉദ്യോഗസ്ഥര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയതായും വാട്‌സാപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇതുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഉന്നതരുടെ സ്മാര്‍ട്‌ഫോണുകളില്‍ നടന്ന ഈ വന്‍ ഹാക്കിങ് വ്യാപക രാഷ്ട്രീയ, നയതന്ത്ര പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്നാണ് സൂചന.