ജിദ്ദ - ഹറമൈൻ റെയിൽവേയിൽ ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷനു സമീപം താൽക്കാലികമായി നിർമിച്ച ബദൽ പാതയിലൂടെ പരീക്ഷണ സർവീസുകൾ ആരംഭിച്ചു. മക്കയിൽ നിന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രഥമ പരീക്ഷണ സർവീസിൽ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും യാത്ര ചെയ്തു.
ഹറമൈൻ റെയിൽവേയിൽ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് പരീക്ഷണ സർവീസുകൾ നടത്തുന്നത്. ഒന്നര കിലോമീറ്റർ നീളത്തിലാണ് താൽക്കാലിക പാത നിർമിച്ചിരിക്കുന്നത്. ജിദ്ദ നിവാസികൾക്കും ഉംറ തീർഥാടകർക്കും സേവനം നൽകുന്നതിനുള്ള താൽക്കാലിക സ്റ്റേഷൻ എന്നോണം ജിദ്ദ എയർപോർട്ട് സ്റ്റേഷൻ പ്രയോജനപ്പെടുത്താനാണ് തീരുമാനം
.
ജിദ്ദ സുലൈമാനിയ ഡിസ്ട്രിക്ട് റെയിൽവേ സ്റ്റേഷൻ അഗ്നിബാധയിൽ തകർന്നതിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. സുലൈമാനിയ റെയിൽവേ സ്റ്റേഷനും പഴയ റെയിൽ പാതയുടെ കിഴക്ക് ഹറമൈൻ റോഡിനും ഇടയിലുള്ള ഭാഗത്താണ് ബദൽ പാത നിർമിച്ചിരിക്കുന്നത്. കത്തിനശിച്ച സുലൈമാനിയ സ്റ്റേഷനിൽ പ്രവേശിക്കാതെയാണ് ബദൽ പാതയിലൂടെ സർവീസുകൾ പുനരാരംഭിക്കുക. ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ആകെ അഞ്ചു സ്റ്റേഷനുകളാണുള്ളത്. മക്ക, റാബിഗ്, മദീന എന്നിവിടങ്ങളിൽ ഓരോ സ്റ്റേഷനും ജിദ്ദയിൽ സുലൈമാനിയയിലും വിമാനത്താവളത്തിലും ഓരോ സ്റ്റേഷനുകളുമാണുള്ളത്.