ന്യൂദല്‍ഹി- ഒന്നര ലക്ഷത്തോളം ഇന്ത്യന്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചതായുള്ള റിപോര്‍ട്ടുകളെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഇടപെടല്‍. സംഭവം അന്വേഷിക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും സ്വകാര്യത സംരക്ഷിക്കുകയും വേണമെന്ന് ബാങ്കുകള്‍ക്കയച്ച നോട്ടീസില്‍ ആര്‍ബിഐ വ്യക്തമാക്കി. വിവര ചോര്‍ച്ച ശരിയാണെങ്കില്‍ നിലവിലെ കാര്‍ഡുകള്‍ അസാധുവാക്കി പുതിയത് ഉപഭോക്താക്കള്‍ക്കു നല്‍കണമെന്നും ആര്‍ബിഐ ആവശ്യപ്പെട്ടു.
1.3 ലക്ഷം ഇന്ത്യക്കാരുടെ കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചതായി സിംഗപൂര്‍ ആസ്ഥാനമായ സുരക്ഷാ ഗവേഷണ സ്ഥാപനമായ ഗ്രൂപ്പ് ഐബിയാണ് കണ്ടെത്തിയത്. അതീവ രഹസ്യ ഇടപാടുകള്‍ നടക്കുന്ന ഡാര്‍ക് വെബില്‍ 100 ഡോളര്‍ വരെ വിലയിട്ടാണ് ഇവ വില്‍ക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. ഏതാണ്ട് 130 ദശലക്ഷം ഡോളറാണ് മൊത്തം വിവരങ്ങൾക്ക് വിലയിട്ടിരിക്കുന്നത്. ഏതൊക്കെ ബാങ്കുകളുടെ കാര്‍ഡുകളാണിതെന്ന് വെളിപ്പെടുത്തില്ലെന്നും വിശദാംശങ്ങള്‍ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ഗ്രൂപ്പ് ഐബി പറഞ്ഞു. ഇന്ത്യയിലെ വലിയ ബാങ്കുളുടേതും ഉള്‍പ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.