ന്യൂദല്‍ഹി- എന്‍സിസി കേഡറ്റുകളായ പെണ്‍കുട്ടികള്‍ക്ക് പോണ്‍ വിഡിയോ അയച്ച മേജര്‍ ജനറല്‍ റാങ്കിലുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ കുടുങ്ങി. പടിഞ്ഞാറന്‍ മേഖലാ എന്‍സിസി ചുമതല വഹിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥനെതിരെയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. മേജര്‍ ജനറലിനെ കോര്‍ട്ട് മാര്‍ഷല്‍ (സൈനിക കോടതി വിചാരണ) ചെയ്യുമെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇയാളില്‍ നിന്നും അശ്ലീല വിഡിയോകള്‍ ലഭിച്ച പെണ്‍കുട്ടികള്‍ സൈനിക ആസ്ഥാനത്താണ് പരാതിപ്പെട്ടത്. സംഭവത്തില്‍ സേന വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തില്‍ മേജര്‍ ജനറനെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. ഇദ്ദേഹത്തെ ഉടന്‍ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യും. ഏതാനും ആഴ്ചകള്‍ക്കടം വിരമിക്കാനിരിക്കെയാണ് ഈ ഉന്നത സൈനികന് നടപടി നേരിടേണ്ടി വരുന്നത്. വിരമിച്ചാലും നടപടി സ്വീകരിക്കാനുള്ള നിയമവും ഇദ്ദേഹത്തിനെതിരെ പ്രയോഗിക്കുമെന്നും സേന പറഞ്ഞു.