തളിപ്പറമ്പ് - വിദേശ ലോട്ടറിയടിച്ചുവെന്ന് സന്ദേശമയച്ച് ഡോക്ടറുടെ 8 ലക്ഷം രൂപ തട്ടിയെടുത്തു. ആലക്കോട്ടെ ശിശു രോഗവിദഗ്ധൻ അനീഷ് കുമാറാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നൽകി.
ആൻ ജോൺസൺ എന്ന പേരിലാണ് മൊബൈലിലേക്ക് സന്ദേശമയച്ചത്. 54,90,000 രൂപ മൂല്യമുള്ള 60,000 പൗണ്ടിന്റെ ലോട്ടറി അടിച്ചുവെന്നായിരുന്നു ആദ്യ സന്ദേശം. ഇത് സാധൂകരിക്കുന്ന വിധത്തിലുള്ള ഏതാനും രേഖകളും പിന്നാലെയെത്തി. വിദേശ ലോട്ടറിയായതിനാൽ സമ്മാനത്തുക നൽകുന്നതിന് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും ഇത് കഴിഞ്ഞാലുടൻ സമ്മാനം അയക്കുമെന്നും സന്ദേശമെത്തി. സമാനതുക നൽകുന്നതിനുള്ള പ്രോസസിംഗ് ചാർജ് എന്ന പേരിലാണ് വിവിധ ഘട്ടങ്ങളിലായി തുക തട്ടിയത്. ആദ്യം രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അത് നൽകി. പിന്നീട് മൂന്നു തവണകളിൽ കൂടി പണം ആവശ്യപ്പെട്ടു. ആകെ 8,10,000 രൂപയാണ് തട്ടിയെടുത്തത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലാണ് പണം നൽകിയത്. പിന്നീട് ലോട്ടറി തുക സംബന്ധിച്ച് ഒരു അറിയിപ്പും ലഭിക്കാതെ വന്നതോടെയാണ് സംഭവം ചതിവായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. ഇതേത്തുടർന്നാണ് പരാതി നൽകിയത്. ഇത്തരം സന്ദേശങ്ങൾ പതിവായി വരാറുണ്ടെന്നും അതിനാൽ തട്ടിപ്പിൽ കുടുങ്ങരുതെന്നും കാണിച്ച് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകി വരുന്നതിനിടെയാണ് ഈ സംഭവം.