ന്യൂദല്‍ഹി- അയോധ്യയിലെ ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിശ്വാസ കാര്യം പരിഗണിക്കുന്നില്ലെന്ന് നിയുക്ത ചീഫ് ജസ്റ്റിസും ബാബരി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ അംഗവുമായ ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ. അയോധ്യ കേസ് ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും അദ്ദേഹം ഇന്ത്യാ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അയോധ്യയിലെ ഭൂമി തര്‍ക്കത്തില്‍ ഹരജിക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മാത്രമാണ് കോടതി പരിഗണിക്കുന്നത്. ഇവയില്‍ ഒന്നു പോലും രാഷ്ട്രീയ പ്രശ്‌നമല്ല- ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. അതേസമയം, ഈ കേസിന് ഇപ്പോള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാത്ത സങ്കീര്‍ണതകള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയോധ്യ കേസില്‍ സുപ്രീം കോടതിക്കു ചെയ്യാനുള്ളത് ഒരു തീരുമാനം ഉണ്ടാക്കുക എന്നതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ബോബ്‌ഡെ എത്തുന്നത്. 18ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഇരുവരും ഉള്‍പ്പെട്ട ബെഞ്ച് ഇതിനു മുമ്പായി അയോധ്യ കേസില്‍ വിധി പറയാനരിക്കുകയാണ്. 40 ദിവസം നീണ്ട വാദം കേള്‍ക്കലിനു ശേഷം കേസ് വിധി പറയാന്‍ മാറ്റിയതാണ്. ദിപാവലി അവധി കഴിഞ്ഞ് തിങ്കളാഴ്ചയാണ് സുപ്രീം കോടതി വീണ്ടും ചേരുന്നത്.