ലാഹോര്‍- പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നും കറാച്ചിയിലേക്കു പോകുകയായിരുന്ന ട്രെയിനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടുത്തമുണ്ടായി 73 പേര്‍ വെന്തുമരിച്ചു. ഓടുന്നതിനിടെ ചില യാത്രക്കാര്‍ ഭക്ഷണം പാക ചെയ്യാന്‍ ശ്രമിക്കവെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. മരിച്ചവരില്‍ ഏറെ പേരും മത സമ്മേളനത്തിന് പോകുകയായിരുന്ന തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരായിരുന്നു. തേസ്ഗാം എക്‌സ്പ്രസിലാണ് വ്യാഴാഴ്ച രാവിലെ അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് ബോഗികള്‍ കത്തിയമര്‍ന്നു. ഈ ബോഗികളില്‍ സത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലാഹോറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ റഹിം യാര്‍ ഖാനിനു സമീപം ലിയാഖത്പൂരിലാണ് ദുരന്തമുണ്ടായത്.
തീ ആളിപ്പടര്‍ന്നതോടെ ഓടുന്ന ട്രെയ്‌നില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്കു ചാടിയതായും അധികൃതര്‍ പറയുന്നു. നാല്‍പതിലേറെ യാത്രക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. റായ് വിന്‍ഡിലെ വാര്‍ഷിക മത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരായിരുന്നു ട്രെയ്‌നിലെ അധിക യാത്രക്കാരും.
യാത്രക്കാര്‍ നിയമ വിരുദ്ധമായി ഗ്യാസ് സിലിണ്ടര്‍ ട്രെയ്‌നില്‍ യാത്രയില്‍ ഉപയോഗിച്ചതാണ് അപകടകാരണമെന്ന് റെയില്‍വെ മന്ത്രി പറഞ്ഞു. ഇവര്‍ പ്രാതല്‍ ഭക്ഷണം തയാറാക്കാനുള്ള പുറപ്പാടിലായിരുന്നു. ഇതിനിടെയാണ് പൊട്ടിത്തെറിച്ചത്. അതേസമയം മന്ത്രിയുടെ വാദം തബ്ലീഗ് ജമാഅത്ത് അധികൃതര്‍ തള്ളി. ട്രെയ്‌നിലെ വൈദ്യുതി തകരാറാണ് അപകടമുണ്ടാക്കിയതെന്നാണ് ഇവരുടെ വാദം.