ന്യൂദല്‍ഹി- ഇസ്രായില്‍ സൈബര്‍ സെക്യൂരിറ്റി കമ്പനി എന്‍എസ്ഒ ഇന്ത്യയിലെ വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ച് മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തി ചാരപ്രവര്‍ത്തനം നടത്തി എന്ന വിവാദം പുകഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ വാട്‌സാപ്പില്‍ നിന്നും വിശദീകരണം തേടി. സ്വകാര്യതാ ലംഘനത്തിന്റെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിവിധ സര്‍ക്കാരുകള്‍ക്കു വേണ്ടി ഇസ്രാഈലി ചാര കമ്പനി വാട്‌സാപ്പിലൂടെ മാധ്യമ പ്രവര്‍ത്തകരുടേയും പൗരാവകാശ പ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയെന്ന് വാട്‌സാപ്പ് തന്നെ തുറന്നു സമ്മതിച്ചതിനു പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്. ഇസ്രാഈലി കമ്പനിക്കെതിരെ വാട്‌സാപ് ഉടമകളായ ഫേസ്ബുക്ക് യുഎസ് കോടതിയെ സമീപിച്ചതായി കഴിഞ്ഞ ദിവസം റിപോര്‍ട്ടുണ്ടായിരുന്നു.
സ്വാകര്യത സംരക്ഷണം അടക്കമുള്ള പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ്. നിരപരാധികളാ പൗരന്മാരുടെ സ്വാകര്യത ലംഘിക്കുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ മതിയായ സംവിധാനങ്ങളുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ച് രണ്ടു പൗരാവകാശ പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്നിരുന്നു.
Also Read I മൊബൈല്‍ ചോർത്തൽ; ഇസ്രായില്‍ ചാര കമ്പനിക്കെതിരെ വാട്‌സാപ്പ് കോടതിയില്‍
രഹസ്യ സ്‌പൈവെയര്‍ വാട്‌സാപ്പിലൂടെ കടത്തി വിട്ടാണ് എന്‍എസ്ഓ വിവിധ സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം പലരുടേയും മൊബൈല്‍ ഫോണുകളിലെ കോള്‍ വിവരങ്ങളും മറ്റും രഹസ്യമായി ചോര്‍ത്തിയത് എന്നാണ് ആരോപണം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാപകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ ഉപയോഗിക്കാനല്ല തങ്ങളുടെ സാങ്കേതിക വിദ്യ ഡിസൈന്‍ ചെയ്തിട്ടുള്ളതെന്നാണ് എന്‍ എസ് ഒ പറയുന്നു. അതേസമയം ഇത് നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വേണ്ടി തയാറാക്കിയതാണെന്നും ഈ ചാര കമ്പനി പറയുന്നുണ്ട്.