കോയമ്പത്തൂര്‍- വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ സരിത നായര്‍ക്ക് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോയമ്പത്തൂര്‍ കോടതി. കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ത്യാഗരാജനില്‍ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
സരിതയുടെ മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കു കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണന്‍, ആര്‍.സി രവി എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവര്‍ക്കും മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.കോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് മാനേജ്‌മെന്റ് സര്‍വീസസ് എന്ന പേരില്‍ സരിത നായര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ബിജു രാധാകൃഷ്ണന്‍ മാനേജിംഗ് ഡയറക്ടറും ആര്‍.പി രവി ഡയറക്ടറുമായി തുടങ്ങിയ കമ്പനിയില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു വടവള്ളി രാജ്‌നാരായണന്‍ ടെക്‌സ്‌റ്റൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ത്യാഗരാജന്റെ പരാതി.