ന്യൂദൽഹി- ഇന്ത്യൻ ആക്ടിവിസ്റ്റുകളെയും ജേണലിസ്റ്റുകളെയും ഉന്നംവെച്ച് ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഒ ചാരപ്രവർത്തനം നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി വാട്‌സ്ആപ്പ് തന്നെ രംഗത്ത്. മെയ് വരെ ഇന്ത്യൻ യൂസർമാരെയും ചാരന്മാർ നിരീക്ഷിച്ചിരുന്നെന്ന് വാട്‌സ്ആപ്പ് വെളിപ്പെടുത്തി. നാലു വൻകരകളിലായി 20 രാജ്യങ്ങളിലെ 1,400ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എൻ.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയതെന്ന് വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ജേണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും രാഷ്ട്രീയപ്രവർത്തകരരെയും സർക്കാർ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ചാരപ്രവർത്തനം.
Also Read I മൊബൈല്‍ ചോർത്തൽ; ഇസ്രായില്‍ ചാര കമ്പനിക്കെതിരെ വാട്‌സാപ്പ് കോടതിയില്‍
വാട്‌സാപ്പിന്റെ വീഡിയോ കോളിങ് സംവിധാനത്തിൽ കടന്നുകയറിയാണ് ഫോണിലേക്ക് വൈറസ് കടത്തിവിടുന്നതെന്നും അങ്ങനെയാണ് ഹാക്കിങ് നടത്തിയതെന്നുമാണ് വാട്‌സ്ആപ്പ് പറഞ്ഞത്. ഫോണിലെ മെസ്സേജുകളിലേക്കും ഫോൺകോളുകളിലേക്കും പാസ്‌വേഡുകളിലേക്കും വൈറസ് കടത്തിവിട്ടാണ് വിവരങ്ങൾ ചോർത്തിയത്. ഇസ്രയേൽ കമ്പനിക്കെതിരെ സാൻ ഫ്രാൻസിസ്‌കോയിലെ കോടതിയിൽ വാട്‌സ്ആപ്പ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം, ഇക്കാര്യം എൻ.എസ്.ഒ നിഷേധിച്ചു. ഭീകരവാദത്തിനും ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുന്ന സർക്കാർ ഇന്റലിജൻസ് സംവിധാനങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും സാങ്കേതിക വിദ്യ ലഭ്യമാക്കുക മാത്രമാണു തങ്ങൾ ചെയ്യുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.