ന്യൂദൽഹി- ഉത്തർപ്രദേശിൽ ദലിതുകളായ സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസമാണ് വാൽമീകി സമുദായത്തിലെ സ്ത്രീകളെ ബുലന്ദ്ഷഹർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയത്. ക്ഷേത്രത്തിൽ പ്രവേശനത്തിനെത്തിയവരെ ഒരു സംഘം പ്രതിരോധിക്കുകയായിരുന്നു. സ്ത്രീകളുടെ കൂട്ടത്തിലുള്ള ഒരാൾ തന്നെ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ പോലീസ് സംഭവത്തിൽ ഇടപെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ക്ഷേത്രത്തിന്റെ അടച്ചിട്ട ഗെയ്റ്റിന് മുന്നിൽ നിന്ന് കറുത്ത ടീ ഷർട്ട് ധരിച്ച യുവാവ് സ്ത്രീകളെ തടയുന്നതിന്റെ ആറുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. ഇയാൾ ഉയർന്ന ജാതിയിൽ പെട്ടയാളാണെന്നാണ് അവകാശപ്പെടുന്നത്. എന്തുകൊണ്ടാണ് തങ്ങളെ തടയുന്നതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ ബഹളമുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നിങ്ങൾക്ക് ഞങ്ങളെ വേണമെങ്കിൽ മർദ്ദിക്കാമെന്നും ക്ഷേത്രത്തിൽ പ്രവേശിക്കാതെ മടങ്ങില്ലെന്നും സ്ത്രീകൾ പറയുന്നുണ്ട്. ഈ ക്ഷേത്രം താക്കൂർ സമുദായത്തിന്റെതാണെന്നും അവരുടേത് മാത്രമാണെന്നുമായിരുന്നു ഇതിന് യുവാവിന്റെ മറുപടി. എന്നാൽ. ഇത് ക്ഷേത്രമാണെന്നും എല്ലാവരുടേതുമാണെന്ന് സ്ത്രീകളും തിരിച്ചടിച്ചു. കഴിഞ്ഞയാഴ്ചയും ഇവർ ക്ഷേത്രത്തിൽ എത്തിയിരുന്നെങ്കിലും പ്രവേശനം അനുവദിച്ചിരുന്നില്ല. തടഞ്ഞവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.