ബുറൈദ- ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന തിരുവനന്തപുരം വർക്കല പെരുമാതുറ സ്വദേശി ഉനൈസയിൽ താമസ സ്ഥലത്ത് നിര്യാതനായി. അക്കരവിള പണയിൽവീട് ഷാജി (48) ആണ് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 13 വർഷമായി ഉനൈസയിൽ ഗസ്സാലിയ ഡൈറ്റ്‌സ് കമ്പനി ജീവനക്കാരനായിരുന്നു. രാവിലെ ഏഴര മണി കഴിഞ്ഞിട്ടും മൊബൈലിൽ പ്രതികരിക്കാതിരുന്നതിനെ തുടർന്ന് നാട്ടുകാരനും ഭാര്യയുടെ ബന്ധുവും കൂടിയായ നൗഷാദ് താമസ സ്ഥലത്തെത്തിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ഇന്ന് രാവിലെ 11.05 നുള്ള ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. മൂന്ന് ആഴ്ച മുമ്പാണ് സന്ദർശക വിസയിലെത്തിയ കുടുംബം മടങ്ങിയത്.
പരേതരായ സൈനുദ്ദീന്റെയും സഫറാ ഉമ്മയുടെ മകനാണ്. ഭാര്യ: റൂബി. മക്കൾ: സൗമ്യ (21), ആദിൽ (17). മരുമകൻ: ഷിബു. ഉനൈസ കെ.എം.സി.സി പ്രവർത്തകർ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് രംഗത്തുണ്ട്. ഉനൈസയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.