സിംഗൂര്‍- പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സിംഗൂരിലാണ് സംഭവം. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തനു ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്ദന്‍ ഭട്ടാചാര്യ എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കാളി പൂജയുടെ ദിവസം ചന്ദന്‍ ഭട്ടാചാര്യ ഫേസ്ബുക്കില്‍ മമതക്ക് അപകീര്‍ത്തികരമായ അഭിപ്രായം പോസ്റ്റ് ചെയ്തതാണ് വിവാദമായത്. അന്വേഷണം തുടരുകയാണെന്നും പ്രതി അറസ്റ്റിലാണെന്നും പോലീസ് സൂപ്രണ്ട് തതഗത ബസു പറഞ്ഞു.
ഒക്ടോബര്‍ 28 നാണ് ചന്ദന്‍ ഭട്ടാചാര്യ വിവാദ അഭിപ്രായം പോസ്റ്റ് ചെയ്തതെന്ന് ശാന്തനു ബാനര്‍ജി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആ സമയത്ത് ഇയാളുടെ വസതി കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം നടത്തിയ അന്വേഷണത്തില്‍ സിംഗൂരിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
മമത ബാനര്‍ജിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വിമര്‍ശിച്ച പോസ്റ്റുകളില്‍ അറസ്റ്റ് ഇതാദ്യമല്ല. ഒക്ടോബര്‍ 18 ന് പുരുലിയ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ കുറ്റകൃത്യത്തിന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സാന്‍മോയ് ബാനര്‍ജിയെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി വിഷയത്തില്‍ മുഖ്യമന്ത്രിയെയും മരുമകനായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിയെയും വിമര്‍ശിച്ചതായിരുന്നു കാരണം.