Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ ടിപ്പുവിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നു; പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു- പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള  എല്ലാ പരാമര്‍ശങ്ങളും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി എസ്. യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.  
ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉണ്ടാകരുതെന്നാണ് തീരുമാനം. ഇത് കര്‍ശനമായി പരിശോധിച്ച് ഉറപ്പുവരുത്തും. ടിപ്പുവിന്റെ ജന്മദിനം നവംബര്‍ 10 ന് സംസ്ഥാന ചടങ്ങായി ആഘോഷിക്കരുതെന്നും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.  നിര്‍ബന്ധിത മതപരിവര്‍ത്തനം, ക്ഷേത്രങ്ങള്‍ നശിപ്പിക്കല്‍, ഹിന്ദുക്കളെ ഉപദ്രവിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്തിയ വിവാദ ഭരണാധികാരിയാണ് ടിപ്പു- മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജൂലൈയില്‍ സര്‍ക്കാര്‍ രൂപീകരിച്ചയുടന്‍ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.  കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിലും പിന്നീട് കോണ്‍ഗ്രസ്-ജനതാദള്‍ (മതേതര)ഭരണത്തിലും ടിപ്പു ജയന്തി മുടക്കമില്ലാതെ നടന്നിരുന്നു.
യെദ്യൂരപ്പയുടെ നീക്കത്തെ കോണ്‍ഗ്രസ് നിശിതമായി വിമര്‍ശിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായുള്ള പ്രത്യയശാസ്ത്ര അജണ്ടയുടെ ഭാഗമായി ടിപ്പു പാഠങ്ങള്‍ നീക്കം ചെയ്യാനും ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നത് അവസാനിപ്പിക്കാനും ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാരോട് പോരാടിയ ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനികളില്‍ ഒരാളാണ് ടിപ്പു സുല്‍ത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ മടിക്കേരി എം.എല്‍.എ അപ്പാച്ചു രഞ്ജന്‍ നല്‍കിയ അപേക്ഷ  പഠിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ നേരത്തെ കര്‍ണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി മാനേജിംഗ് ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നു.
കന്നഡയിലെയും ഇംഗ്ലീഷിലെയും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ടിപ്പുവിനെ സ്വാതന്ത്ര്യസമരസേനാനിയായാണ് അവതരിപ്പിക്കുന്നത്. അദ്ദേഹം സ്വേച്ഛാധിപതി ആയിരുന്നുവെന്നും ഹിന്ദുക്കളെ ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും രഞ്ജന്‍ കുമാര്‍ നല്‍കിയ നല്‍കിയ നിവേദനത്തില്‍ ആരോപിച്ചിരുന്നു.
കര്‍ണാടകയില്‍ ബി.ജ.പി ടിപ്പു സുല്‍ത്താന്‍ വിഷയം അടുത്ത കാലത്തായി വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തുകയാണ്.  1799 ല്‍ ബ്രിട്ടീഷുകാരുമായി പൊരുതിയാണ് ടിപ്പുസുല്‍ത്താന്‍ അന്ത്യശ്വാസം വലിച്ചത്.

 

Latest News