ഷാര്‍ജ- രാജ്യാന്തര പുസ്തകമേളയില്‍നിന്ന് വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 25 ശതമാനം വിലക്കിഴിവ് ഉണ്ടെന്ന് അധികൃതര്‍. കുട്ടികള്‍ രചിച്ച 40 പുസ്തകങ്ങളാണ് ഈ മേളയില്‍ പ്രകാശനം ചെയ്യുക. യു.എ.ഇയിലെ ഒരു സ്‌കൂളിലുള്ള 30 കുട്ടികള്‍ ചേര്‍ന്ന് രചിച്ച പുസ്തകവും പ്രകാശനത്തിനെത്തുന്നുണ്ട്. കുട്ടികള്‍ക്കുള്ള സിനിമാ പ്രദര്‍ശനത്തിന് കോമിക് കോര്‍ണര്‍ എന്ന പേരില്‍ ഏഴാം നമ്പര്‍ ഹാളില്‍ പ്രത്യേക തീയറ്റര്‍ ഒരുക്കിയിട്ടുണ്ട്. മെക്‌സിക്കോയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം.
കേരളത്തില്‍നിന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അടക്കം പല പ്രമുഖരും മേളക്കെത്തും. സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിനായി മന്ത്രി ജി. സുധാകരന്‍, ബിനോയ് വിശ്വം എം.പി., വി.ടി. ബല്‍റാം എം.എല്‍.എ., കെ.പി.രാമനുണ്ണി എന്നിവരും എത്തുന്നുണ്ട്. മലയാള ചലച്ചിത്രതാരം രവീന്ദ്രന്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ പരിപാടി അവതരിപ്പിക്കും. ഒര്‍ഹാന്‍ പാമുക് പങ്കെടുക്കുന്ന പരിപാടി വീക്ഷിക്കാനായി നിരവധി മലയാള സാഹിത്യകാരന്മാരും സ്വന്തം നിലയില്‍ ഷാര്‍ജ പുസ്തകമേളക്കെത്തുന്നുണ്ട്. ലോകപ്രശസ്തനായ സെല്‍ഫ്‌ഹെല്‍പ് എഴുത്തുകാരനും വ്യക്തിത്വ വികാസ പരിശീലകനുമായ മാര്‍ക്ക് മാന്‍ഷന്‍ നടത്തുന്ന മോട്ടിവേഷന്‍ സെഷനില്‍ പങ്കെടുക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവസരമുണ്ടായിരിക്കും.
നവംബര്‍ ഒമ്പതിനാണ് പുസ്തകമേള സമാപിക്കുക. വെള്ളിയാഴ്ച ഒഴിച്ച് എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നാല് മുതല്‍ രാത്രി 11 വരെയുമാണ് സൗജന്യ പ്രവേശനം.