ചണ്ഡീഗഢ്- സഹോദരിയും സഹോദരീ ഭര്‍ത്താവും പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ടിക് ടോക്ക് താരസുന്ദരി സൊനാലി പൊഗട്ടിന്റെ പരാതി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റ സൊനാലി നല്‍കിയ പരാതിയില്‍ സഹോദരി രുകേശിനും സഹോദരീ ഭര്‍ത്താവ് അമന്‍ പുനിയക്കുമെതിരെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തന്റെ നാടായ ഭുത്തന്‍ കലാനില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് സൊനാലി പരാതിയില്‍ പറയുന്നു. ഇവിടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ സൊനാലിയെ കാണാന്‍ എത്തിയിരുന്നു. സഹോദരിയും ഭര്‍ത്താവും തന്നെ കാണാനെത്തിയിരുന്നതായും ഇതിനിടെ വഴക്കിട്ട് മര്‍ദിക്കുകയും വധ ഭീഷണി മുഴക്കുകയുമായിരുന്നെന്ന് സൊനാലി ആരോപിക്കുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. വഴക്കിനു കാരണം കുടുംബ തര്‍ക്കമാണെന്നും രാഷ്ട്രീയ ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. അന്വേഷണം നടന്നുവരികയാണ്.