ന്യൂദല്‍ഹി- ആഗോളതാപനം കാരണം ക്രമാതീതമായി കടല്‍ജലനിരപ്പ് ഉയരുന്നതിന്റെ തോത് വര്‍ധിച്ചതായി പഠനം. മുംബൈ നഗരത്തിന്റെ പല ഭാഗവും വരും വര്‍ഷങ്ങളില്‍ കടല്‍വെള്ളത്തില്‍ മുങ്ങിത്തുടങ്ങുമെന്നും 2050ഓടെ ഏതാണ്ട് വലിയൊരുഭാഗവും വെള്ളത്തിലാകുമെന്നും യുഎസിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണ സ്ഥാപനമായ ക്ലൈമറ്റ് സെന്‍ട്രല്‍ നടത്തിയ പഠനം പറയുന്നു. ലോകത്തെ തീരദേശ വന്‍നഗരങ്ങളുടെ അവസ്ഥയും ഇതാണ്. വരാനിരിക്കുന്ന പതിറ്റാണ്ടുകള്‍ക്കിടെ കടല്‍ ജലനിരപ്പ് ഉയരുന്നതു നേരിട്ടു ബാധിക്കാന്‍ പോകുന്നവരുടെ എണ്ണം നേരത്തെ കണക്കാക്കിയതിന്റെ മൂന്ന് ഇരട്ടി അധികമാണെന്നും പുതിയ പഠനം മുന്നറിയിപ്പു നല്‍കുന്നു. ഇതുവരെ പുറത്തു വന്നതില്‍ കൂടുതല്‍ കൃത്യതയുള്ള പഠനമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. നേചര്‍ ക്മ്യൂണിക്കേഷന്‍സ് എന്ന ശാസ്ത്രഗവേഷ ജേണലിലാണ് ഈ പഠനം ഈയിടെ പ്രസിദ്ധീകരിച്ചത്.
2050ഓടെ തീരദേശ മേഖലകളില്‍ ജീവിക്കുന്ന 30 കോടി ജനങ്ങളെ വെള്ളപ്പൊക്കം ബാധിക്കും. വലിയൊരു കരപ്രദേശത്തെ കടല്‍വെള്ളം വിഴുങ്ങുന്ന പ്രതിഭാസമാണിത്. 80 വര്‍ഷം പിന്നിട്ട് 2100 ആകുമ്പോഴേക്കും ഇപ്പോള്‍ 20 കോടി ജനങ്ങള്‍ പാര്‍ക്കുന്ന കരപ്രദേശം വേലിയേറ്റ പരിധിക്കുള്ളിലായി സ്ഥിരമായി കടലായി മാറുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
2050ഓടെ കടലില്‍ മുങ്ങാന്‍ സാധ്യതയുള്ള മുംബൈ നഗരത്തിലെ വിവിധ പ്രദേശങ്ങളാണ് താഴെ ചിത്രത്തില്‍ ചുവപ്പ് നിറത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ജനസാന്ദ്രത ഏറിയ തെക്കന്‍, സബര്‍ബന്‍ മുംബൈ പ്രദേശങ്ങളും ഇതിലുള്‍പ്പെടും. (ചിത്രം: ക്ലൈമറ്റ് സെന്‍ട്രല്‍)