Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങവെ രാഹുല്‍ ഗാന്ധി 'ധ്യാനത്തിന്' വിദേശത്തു പോയി

ന്യൂദല്‍ഹി- രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്കു നയിച്ച ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്ര് പ്രക്ഷോഭം ആരംഭിക്കാനിരിക്കെ പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശത്തേക്കു പോയി. ധ്യാന ആവശ്യാര്‍ത്ഥമുള്ള സന്ദര്‍ശനത്തിന് തിങ്കളാഴ്ചയാണ് രാഹുല്‍ ഇന്ത്യയ്ക്കു പുറത്തേക്കു പോയത്. അദ്ദേഹം ഇടക്കിടെ പോകാറുള്ളതാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ഒരാഴ്ച്ചയ്ക്കകം തിരിച്ചെത്തുന്ന രാഹുല്‍ നവംബര്‍ ആദ്യ വാരം തന്നെ കോണ്‍ഗ്രസിന്റെ പ്രക്ഷോഭ പരിപാടിയുടെ മുന്‍നിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരിപാടി മൊത്തമായും രാഹുലുമായി ചര്‍ച്ച ചെയ്ത് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് രൂപം നല്‍കിയതാണെന്നും സുര്‍ജെവാല പറഞ്ഞു. 

നവംബര്‍ ഒന്നു മുതലാണ് കോണ്‍ഗ്രസ് പദ്ധതിയിട്ട പ്രതിഷേധ പരിപാടികള്‍ തുടങ്ങുന്നത്. നവംബര്‍ ആദ്യ വാരത്തില്‍ രാജ്യത്തുടനീളം 35 കേന്ദ്രങ്ങളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. നവംബര്‍ അഞ്ചു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തുറന്നു കാട്ടി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. മുതിര്‍ന്ന നേതാക്കള്‍ പവാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ദല്‍ഹിയില്‍ നടക്കുന്ന സമാപന പരിപാടിയില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയും പങ്കെടുപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലുമാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
 

Latest News