ഉസ്താദ് റഹ്മത്തുല്ല ഖാസിമി, എ.കെ.നാസർ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഇസ്‌ലാമിക ചരിത്ര പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയെ കുറിച്ച്
ജോർദാൻ തലസ്ഥാനമായ അമ്മാനിൽനിന്നുമാണ് കാഴ്ചകളുടെ ആരംഭം. ഹാഷിമി പരമ്പരയിലെ കണ്ണികളാണ് ജോർദാനിൽ ഭരണം നടത്തുന്നത്.
ഒരു കോടിയിൽ താഴെയുള്ള ജനസംഖ്യ. ഇപ്പോൾ സിറിയയിൽ നിന്നുള്ള മുപ്പത് ലക്ഷം പേർക്കും, 1948 ൽ ഇസ്രാഈലിൽ നിന്നുള്ള അൻപത് ലക്ഷം പേർക്കും അഭയം നൽകിയ നൻമ നിറഞ്ഞവരുടെ നാട്.
സൈത്തൂൻ, പച്ചക്കറി, ടൂറിസം പ്രധാന വരുമാനം. ഒഴിഞ്ഞ പാറക്കൂട്ടങ്ങളോട് കൂടിയ ചെറിയ കുന്നുകളും ചെരിവുകളുമുള്ള പ്രദേശം. ജനവാസ കേന്ദ്രങ്ങൾ കുറവ്. തലസ്ഥാനമായ അമ്മാൻ വളരെ മനോഹരമായ സിറ്റി. അടുക്കടുക്കായി വെച്ചതു പോലെ കെട്ടിട സമുച്ചയങ്ങൾ.
തുടർന്ന് ബൈത്തുൽ മുഖദ്ദസ് സന്ദർശിച്ചത് കൂടുതൽ ഹൃദ്യമായി.
ഇസ്‌ലാമിന്റെ രണ്ടാമത്തെ ഖിബ്‌ലയാണ് ബൈത്തുൽ മുഖദ്ദസ്. ഹിജ്‌റയുടെ മുമ്പ് ഖിബ്‌ല കഅബ തന്നെയായിരുന്നു. മദീന ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ബൈത്തുൽ മുഖദ്ദസ് ഖിബ്‌ലയാക്കി. (പതിനാറോ പതിനേഴോ മാസക്കാലം) പിന്നീട് വീണ്ടും കഅബയെ ഖിബ്‌ലയാക്കി കൊണ്ടുള്ള വഹ്‌യ് വന്നപ്പോൾ നബി(സ) ളുഹ്ർ നിസ്‌ക്കാരം രണ്ട് റക്അത്ത് പൂർത്തീകരിച്ചിരുന്നു. ആ നിസ്‌കാരത്തിൽ തന്നെ ബാക്കിയുള്ള രണ്ട് റക്അത്ത് കഅബയിലേക്ക് തിരിഞ്ഞാണ് നിസ്‌കരിച്ചത്.
മദീനയിൽ നബി (സ) ഈ നിസ്‌കാരം നിർവ്വഹിച്ച പള്ളി മസ്ജിദുൽ ഖിബ്‌ലത്തൈൻ എന്ന പേരിൽ അറിയപ്പെടുന്നു.
ലണ്ടനിലെ വട്ടമേശ സമ്മേളനത്തിന് മഹാത്മാഗാന്ധിജിക്കൊപ്പം പോവുകയും അവിടെ വെച്ച് മരണമടയുകയും ചെയ്ത മൗലാന മുഹമ്മദലി ജൗഹറിന്റെ മഖ്ബറ ഖുദ്‌സിനോട് ചേർന്നാണ്. അദ്ദേഹത്തിന്റെ വസിയ്യത്ത് അനുസരിച്ചാണ് ഖുദ്‌സിനടുത്ത് മറവ് ചെയ്തത്. ഒരു ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. മരിക്കുമ്പോൾ അദ്ദേഹം സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ പ്രസിഡന്റായിരുന്നു. ബൈത്തുൽ മുഖദ്ദസിൽ ഞങ്ങൾ ജുമുഅക്കെത്തിയപ്പോൾ ഫലസ്തീനിലെ ഗ്രാന്റ് മുഫ്തിയടക്കം നിരവധി രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളുമുണ്ടായിരുന്നു.
ഫലസ്തീൻ ഗ്രാൻഡ് മുഫ്തിയുടെ കൂടെ എ.കെ.നാസർ മാസ്റ്റർ
നൈൽ നദിയുടെ സാന്നിദ്ധ്യമാണ് ഈജിപ്തിന്റെ മാഹാത്മ്യം. ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. കനത്ത ചൂടും മഴയില്ലാത്ത സാഹചര്യത്തിലും നിറഞ്ഞൊഴുകുന്ന നൈൽ അത്ഭുതം തന്നെ.
കയ്‌റോയിൽ നിന്ന് അലക്‌സാണ്ഡ്രിയയിലേക്ക് ഏകദേശം നാനൂറ് കി.മി.ദൂരമുണ്ട്. ഈ യാത്ര വലിയൊരു അനുഭൂതിയാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. നൈൽ നദിയുടെ അനുഗ്രഹം ഈജിപ്തിന് സമ്മാനിച്ച ഹരിതഭംഗി ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞു.
മലയാളക്കരക്ക് ഓർമയായി മാറിയ പഴയ നെൽപാടങ്ങളും ഉഴുതു മറിക്കാൻ കാളകൾക്ക് പകരം കഴുതകളേയും ഞങ്ങൾ കണ്ടു. കാർഷിക മേഖല ഈജിപ്തിന്റെ വരുമാനത്തിലെ പ്രധാന ഘടകമാണ്.
ഈജിപ്ത് എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് ആകാശം മുട്ടി നിൽക്കുന്ന പിരമിഡുകളാണ്. ചരിത്ര പുസ്തകത്തിൽ ആ ചിത്രം നമ്മൾ കണ്ടിട്ടുണ്ട്.
ഞങ്ങൾ ഈജിപ്തിൽ ജീസ എന്ന സ്ഥലത്തെത്തി. ഏറ്റവും വലിയ പിരമിഡിന് കൂഫു എന്നാണ് പറയുന്നത്. ബി.സി 2800ലാണിത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. അന്നത്തെ രാജാവ് ചെഫേണിന്റെ ശവകുടീരമാണിത്. 143 മീറ്റർ ഉയരവും തറ നിരപ്പിന് 215 മീറ്റർ ചുറ്റളവുമുണ്ട്. പത്ത് വർഷം കൊണ്ടാണിത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. സൂര്യരാധന നടത്തിയിരുന്ന സമൂഹമായിരുന്നു അന്നാട്ടിൽ. സൂര്യനിൽ നിന്നുള്ള രശ്മികൾ ഭൂമിയിലേക്ക് വരുന്ന ആകൃതിയിൽ ഇത് നിർമ്മിക്കാനുള്ള കാരണമതാണ്. മരണ ശേഷം ഇതുപോലുള്ള കൊട്ടാരങ്ങൾ കിട്ടുമെന്നാണ് വിശ്വസിച്ചിരുന്നത്.
ഖുബ്ബത്തു സഹ്‌റ
പുതിയ ജീവിതത്തിനാവശ്യമായ മുഴുവൻ സാധനങ്ങളും അതിൽ കരുതി വെക്കും. രാജാവിന്റെ കുടുംബാംഗങ്ങളെ അടക്കം ചെയ്യാൻ പിരമിഡിന്റെ ഓരോ ഭാഗങ്ങളിലായി പ്രത്യേക അറകളുണ്ട്. കേന്ദ്രബിന്ദുവിൽ രാജാവിനും.
മരണശേഷം ഹൃദയമൊഴിച്ച് ആന്തരികാവയവങ്ങൾ മുഴുവനും നീക്കം ചെയ്ത് 40 ദിവസം ഉപ്പിലിട്ട് മമ്മിയാക്കിയ ശേഷം സ്വർണത്തിന്റെ പെട്ടിയിൽ അടക്കം ചെയ്ത് വീണ്ടും രണ്ടോ മൂന്നോ സ്വർണത്തിന്റെ പെട്ടികളിലാക്കിയാണ് ഇതിൽ വെക്കുന്നത്.